ഹൈദരാബാദ്: ക്രിക്കറ്റിനെ ജാതീയവല്‍ക്കരിച്ച് ടൂര്‍ണമെന്റ്. ഹൈദരാബാദിലാണ് സംഭവം. ബ്രാഹ്മണര്‍ക്ക് മാത്രമായാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തിയത്. ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ഹൈദരാബാദിലെ ബിഎസ്ആര്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് നടന്നത്. പോസ്റ്ററില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രത്യേക നിബന്ധനകളും എഴുതിയിട്ടുണ്ട്. ബ്രാഹ്മണനാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും കളിക്കാര്‍ ഹാജരാക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു.
ഒപ്പം മറ്റ് ജാതിക്കാര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നും നിബന്ധനയുണ്ട്. ഡിസംബര്‍ 25,26 തിയ്യതികളിലാണ് ടൂര്‍ണമെന്റ് നടന്നത്. ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് പ്രോട്ടകോളുകള് പാലിച്ച് ഔദ്യോഗിക അനുമതിയോടെ തന്നെയാണ് ടൂര്‍ണമെന്റ് നടന്നത്.
റിപ്പോര്‍ട്ട് പ്രകാരം ഒരു പ്രാദേശിക സ്വകാര്യ എന്‍ജിഒ ആണ് ടൂര്‍ണമെന്റ് നടത്തിയത്. ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര് വിമര്‍ശനങ്ങളും ട്രോളുകളുമായി രംഗത്തെത്തി.
ദേശ, ജാതി, മത അതിര് വരമ്പുകളില്ലാത്ത ക്രിക്കറ്റിനെ ജാതീയവത്കരിച്ചതിനെതിരെ പ്രതിഷേധം ഉയരുകയാണ്.
Discussion about this post