പനാജി(ഗോവ): ഗോവയില്‍ കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനുള്ള നീക്കവുമായി ഗോവന്‍ സര്‍ക്കാര്‍. ഇതിനായി നിയമ നിര്‍മാണത്തിനുള്ള നിര്‍ദേശം പരിശോധിക്കുകയാണെന്ന് ഗോവ നിയമമന്ത്രി നിലേഷ് കാബ്രള്‍ പറഞ്ഞു. മരുന്ന് നിര്‍മാണത്തിനാവശ്യമായ കഞ്ചാവ് നിയമവിധേയമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പില്‍ നിന്ന് നിര്‍ദേശം ലഭിച്ചു. നിയമ നിര്‍മാണത്തിനുള്ള നിര്‍ദേശം പരിശോധിക്കുകയാണ്- കാബ്രള്‍ കൂട്ടിച്ചേര്‍ത്തു.
ഉത്പാദിപ്പിക്കുന്ന കഞ്ചാവ് മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് നേരിട്ട് എത്തിക്കുകയായിരിക്കും ചെയ്യുക. ‘മദ്യം ഉണ്ടാക്കുന്നതു പോലെ തന്നെ നിയന്ത്രണ വിധേയമായായിരിക്കും ഇതും ഉത്പാദിപ്പിക്കുക. 1985ന് മുമ്പൊന്നും ഇതിന് ഒരു വിലക്കും ഉണ്ടായിരുന്നില്ല’ ബാര്‍ ലൈസന്‍സ് പോലെതന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭാങ് എന്നറിയപ്പെടുന്ന കഞ്ചാവ് ഉല്പന്നം വില്‍ക്കാനുള്ള ലൈസന്‍സ് നല്‍കുന്നുണ്ട്. -കാബ്രാള് പറഞ്ഞു.
അര്‍ബുദത്തിന്റെ അവസാനഘട്ടത്തിലടക്കം കഞ്ചാവ് മരുന്നായി ഉപയോഗിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അമേരിക്കയിലും കാനഡയിലും ആസ്ട്രേലിയയിലും കഞ്ചാവ് ഔദ്യോഗികമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രം എന്തിനാണ് അത് തടയുന്നതെന്നും മന്ത്രി നിലേഷ് പറഞ്ഞു. അതേസമയം അങ്ങനെ നിര്‍ദേശം ലഭിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനമൊന്നും കൈകൊണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്.
കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഗോവയെ തിന്മയുടെ കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷമായ ഗോവഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി പറഞ്ഞു. നേരത്തെ, ഐക്യരാഷ്ട്രസഭയുടെ അത്യപകടകരമായ ലഹരികളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിന് അനുകൂലമായി ഇന്ത്യ നിലപാടെടുക്കുകയും വോട്ട് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post