ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വം നീങ്ങി. മധ്യപ്രദേശിലും കോണ്‍ഗ്രസ് തേരോട്ടം. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറി. ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. വോട്ടെടുപ്പിലെ അനിശ്ചിതത്വം അവസാനിക്കുന്നതു വരെ കാത്തിരിക്കാതെ നടത്തിയ അണിയറ നീക്കങ്ങളാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് നയിച്ചത്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചിരിക്കുകയാണ്. 230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ ആവശ്യമായ 116 എന്ന മാന്ത്രികസഖ്യയിലെത്തിയില്ലെങ്കിലും രണ്ട് കക്ഷികളുടെ പിന്തുണയും സ്വതന്ത്രരുടെ നിലപാടും കോണ്‍ഗ്രസിന് തുണയാവുകയായിരുന്നു.
ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണറെ കണ്ട് കത്ത് നല്‍കിയിട്ടുണ്ട്. വിജയം ഉറപ്പിച്ച 114 സീറ്റുകള്‍ കൂടാതെ തനിച്ച് മത്സരിച്ച് ജയിച്ച രണ്ട് സീറ്റുകളും എസ്പി ജയിച്ച ഒരു സീറ്റുമടക്കം 117 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്.
മുതിര്‍ന്ന നേതാവ് കമല്‍നാഥായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ് പുറത്തു വരുന്ന സൂചനകള്‍. ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും മുന്‍തൂക്കം കമല്‍നാഥിന് തന്നെയാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനായി പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കമല്‍നാഥായിരുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക രാഹുല്‍ ഗാന്ധിയാവും എന്നതിനാല്‍ കാത്തിരിപ്പിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
Discussion about this post