ചെന്നൈ: 30 വര്‍ഷമായി റെക്കോര്‍ഡിംഗിന് ഉപയോഗിച്ചിരുന്ന പ്രസാദ് സ്റ്റുഡിയോയില്‍ നിന്നും ഒടുവില്‍ സംഗീത സംവിധായകന് ഇളയരാജ പടിയിറങ്ങി. പ്രസാദ് സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും എടുത്തുകൊണ്ടായിരുന്നു പടിയിറക്കം.
ഇളയരാജയ്ക്കു ലഭിച്ച പുരസ്കാരങ്ങള്‍, സംഗീതോപകരണങ്ങള്‍, ഏഴ് അലമാരകള്‍ എന്നിവ ഉള്‍പ്പെടെ 160 സാധനങ്ങളാണ് അദ്ദേഹം സ്വന്തം വീട്ടിലേക്ക് വാഹനം വിളിച്ച് കൊണ്ടുപോയത്. സ്റ്റുഡിയോയുടെ സ്ഥാപകന്‍ എല്‍വി പ്രസാദിന്റെ വാക്കാലുള്ള അനുമതിയോടെയായിരുന്നു അദ്ദേഹം വര്‍ഷങ്ങളോളം സ്റ്റുഡിയോ ഉപയോഗിച്ചിരുന്നത്.
എന്നാല്‍, കഴിഞ്ഞ വര്‍ഷം പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഇളയരാജയോട് മുറി ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, 30 വര്‍ഷത്തിലേറെയായി ഉപയോഗിച്ചിരുന്ന സ്റ്റുഡിയോയില്‍നിന്ന് തന്നെ പുറത്താക്കുന്നതിനെ എതിര്‍ത്തും അവിടെ ഒരു ദിവസം ധ്യാനം ചെയ്യാന്‍ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
തങ്ങള്‍ക്കെതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെങ്കില്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കാമെന്ന് പ്രസാദ് സ്റ്റുഡിയോ ഉടമകള്‍ നിലപാടെടുത്തതോടെ ഇളയരാജ കേസുകള്‍ പിന്‍വലിക്കാമെന്ന് കോടതിയില്‍ സമ്മതിച്ചു. സന്ദര്‍ശനസമയം ഇരു വിഭാഗത്തിനും കൂടിയാലോചിച്ച് തീരുമാനിക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. അതു പ്രകാരമാണ് തിങ്കളാഴ്ച സ്റ്റുഡിയോയിലെത്താനും സംഗീതോപകരണങ്ങളും മറ്റു വസ്തുക്കളും എടുത്തു കൊണ്ടു പോകാനും ഇളയരാജ തീരുമാനിച്ചത്.
Discussion about this post