കർഷക സമരത്തിന് പൂർണപിന്തുണ; സമരക്കാർക്ക് വൈഫൈ സൗകര്യം ഏർപ്പെടുത്തി ആം ആദ്മി പാർട്ടി; ഹോട്ട്‌സ്‌പോട്ടുകൾ ഡൽഹി സർക്കാർ വക

farmers protest | india news

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പൂർണ പിന്തുണ പ്രക്യാപിച്ച് ആം ആദ്മി പാർട്ടിയും ഡൽഹി സർക്കാരും. സമരം നടക്കുന്ന സിംഘു അതിർത്തിയിൽ വൈഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി.

സമരത്തിൽ പങ്കെടുക്കുന്ന കർഷകരുടെ ആവശ്യം പരിഗണിച്ചാണ് സിംഘു അതിർത്തിയിൽ വൈഫൈ സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഓരോ നൂറു മീറ്റർ ചുറ്റളവിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്ന രീതിയിലാകും വൈഫൈ സംവിധാനം ഘടിപ്പിക്കുക. ഇത്തരത്തിൽ നിരവധി സ്ഥലത്ത് ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കാനാണ് ഡൽഹിയിലെ സർക്കാർ തീരുമാനം.

‘കർഷകർക്ക് തങ്ങളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാനുള്ള സൗകര്യമുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിനായി വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകൾ അതിർത്തിയിൽ സ്ഥാപിക്കും. ഇത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനമാണ്’,-ആപ്പ് നേതാവ് രാഘവ് ഛദ്ദ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നേരത്തെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സിംഘു അതിർത്തിയിലെത്തിയിരുന്നു. കർഷകദ്രോഹപരമായ നിയമങ്ങൾ പിൻലിക്കുന്നതുവരെ കർഷകർ നടത്തുന്ന പോരാട്ടത്തിനൊപ്പം ആയിരിക്കുമെന്നും അദ്ദേഹം കർഷകരോട് പറഞ്ഞിരുന്നു.

Exit mobile version