ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി വിവിധ ദേശീയ നേതാക്കള്‍ രംഗത്ത്.
ഇന്ന് ബിജെപി അസ്വസ്ഥമായതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും വോട്ടര്‍മാര്‍ അവരെ മുത്തലാഖ് ചെയ്തിരിക്കുകയാണെന്നും ശശിതരൂര്‍ പരിഹസിച്ചപ്പോള്‍ പ്രതിപക്ഷം ഐക്യത്തിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്ന പ്രതികരണമാണ് അഖിലേഷ് യാദവ് നടത്തിയത്.
മൂന്ന് സംസ്ഥാനങ്ങളിലെ ജനവിധിയില്‍ ബിജെപിക്ക് കനത്ത പ്രഹരമേറ്റതിന്റെ പശ്ചാത്തലത്തിലാണ് ശശിതരൂരിന്റെ പ്രസ്താവന. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ബില്‍ ലോക്സഭ പാസാക്കിയതും സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയും ചേര്‍ത്തുവെച്ചായിരുന്നു ശശിതരൂരിന്റെ പരിഹാസം.
ശശിതരൂരിനെ കൂടാതെ എസ്പി നേതാവ് അഖിലേഷ് യാദവും ബിജെപിയുടെ തോല്‍വിയില്‍ രസകരമായ ട്വീറ്റുമായി രംഗത്ത് വന്നിരുന്നു. അടുത്ത തവണ മോഡി സര്‍ക്കാരിനെ താഴെയിറക്കൂ എന്നാണ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തത്.
ഓരോരുത്തരും ഇത്തരത്തില്‍ വന്ന് ഒത്തുചേര്‍ന്നാല്‍ ഏത് ഉയരത്തിലുള്ള അധികാരകേന്ദ്രത്തിലും മണ്ണ് കടിക്കും എന്നും അഖിലേഷ് ട്വീറ്റ് ചെയ്തു. പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകത ചൂണ്ടികാണിച്ചായിരുന്നു അഖിലേഷിന്റെ രണ്ടാമത്തെ ട്വീറ്റ്. ‘സമര്‍ഥരായ ജനങ്ങള്‍. ജമ്മുവിന് സാമനമായ സാഹചര്യം’ എന്നാണ് മധ്യപ്രദേശിലെ ജനവിധിയെ കുറിച്ച് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത്. ആര്‍ക്കും പൂര്‍ണ്ണ അധികാരം നല്‍കാതെ ജനങ്ങള്‍ സമര്‍ഥമായി കളിച്ചുവെന്നായിരുന്നു ഒമറിന്റെ നിരീക്ഷണം.
Discussion about this post