അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി. ലോക്സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബറൂചില്‍ നിന്നുള്ള ലോക്സഭാംഗമാണ് ഇദ്ദേഹം. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപി സ്ഥാനവും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങളെ ഇകോ സെന്‍സിറ്റീവ് സോണില്‍ നിന്ന് ഒഴിവാക്കണമെന്ന മന്‍സുഖ് വാസവയുടെ ആവശ്യം കേന്ദ്രം നിരാകരിച്ചതിനെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. രാജിക്കാര്യം അറിയിച്ച് വാസവ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സിആര്‍ പാട്ടീലിന് കത്ത് അയച്ചിട്ടുണ്ട്.
ബറൂച്ച് മണ്ഡലത്തില്‍ നിന്ന് ആറ് തവണ ലോക്സഭയിലെത്തിയ നേതാവ് കൂടിയാണ് ഇദ്ദേഹം. ഗുജറാത്തില്‍ നിന്ന് ആറു തവണ എംപിയായി. അതേസമയം താന്‍ പാര്‍ട്ടിയോട് ഏറെ കൂറുള്ളവന്‍ ആയിരിക്കുമെന്നും തന്റെ തെറ്റു കൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ വാസവയുടേത് സമ്മര്‍ദ തന്ത്രമാണെന്നും പറയപ്പെടുന്നുണ്ട്.