ബംഗളൂരു: കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിയമ നിര്‍മാണ സഭാ ഡപ്യൂട്ടി ചെയര്‍മാനും ജെഡിഎസ് നേതാവുമായ എസ്എല്‍ ധര്‍മഗൗഡയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സ്വദേശമായ ചിക്കമംഗലൂരിലെ റെയില്‍വേ ട്രാക്കില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞതവണ ഉപരിസഭ ചേര്‍ന്നപ്പോള്‍ ചെയര്‍മാന്റെ സീറ്റില്‍ ഇരുന്ന് സഭ നിയന്ത്രിക്കാന്‍ ധര്‍മഗൗഡ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്ത് സഭയ്ക്ക് പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ബിജെപിയുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം.
അതേസമയം ധര്‍മഗൗഡയുടെ ആത്മഹത്യാവാര്‍ത്ത ഞെട്ടലുളവാക്കിയെന്നും മികച്ച വ്യക്തിത്വത്തിനുടമയായ ധര്‍മഗൗഡയുടെ മരണം സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്നുമാണ്
ജെഡിഎസ് നേതാവായ എച്ച്ഡി ദേവഗൗഡ പ്രതികരിച്ചത്. ധര്‍മഗൗഡയുടെ മരണത്തിലൂടെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്നാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞത്.
Discussion about this post