ഹൈദരാബാദ്: കൈ നിറയെ സാധനങ്ങളും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ആരെയെങ്കിലും നിങ്ങള്‍ ഹൈദരാബാദ് എല്‍ബി നഗറില്‍ കാണുകയാണെങ്കില്‍ ഉറപ്പിച്ചോളു അവര്‍ റൈസ് എടിഎം ല്‍ നിന്ന് മടങ്ങുന്ന വഴിയാണ്. അവര്‍ക്ക് ആ സന്തോഷം നല്കിയതാവട്ടെ രാമു ദോസപതി എന്ന ചെറുപ്പക്കാരനും. പാവപ്പെട്ടവര്‍ക്കായുള്ള ഈ എടിഎം അതിന്റെ യാത്ര ആരംഭിക്കുന്നത് ലോക്ക്ഡൗണിന്റെ തുടക്കത്തിലാണ്.
ആ സമയത്തൊരു ദിവസം വീടിന് തൊട്ടടുത്തുള്ള കടയില്‍ ചിക്കന്‍ വാങ്ങിക്കാന്‍ പോയപ്പോളാണ് രാമു 2000 രൂപയ്ക്ക് ചിക്കന്‍ വാങ്ങിക്കുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ യാദൃശ്ചികമായി കാണുന്നത്.
ഇത്രയധികം പൈസ മുടക്കി ചിക്കന്‍ വാങ്ങിക്കുന്നതിന്റെ കാരണം തിരക്കുമ്പോള്‍ രാമു അറിഞ്ഞിരുന്നില്ല വലിയൊരു ദൗത്യം ഏറ്റെടുക്കാനാണ് താന്‍ പോവുന്നതെന്നും തന്റെ ജീവിതത്തിന് പുതിയൊരു ലക്ഷ്യം ഉണ്ടാവുകയാണെന്നും.
അവിടെയുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൊടുക്കാനാണ് ഇത്രയധികം ചിക്കന്‍ എന്ന് കേട്ടപ്പോള്‍ വലിയ അത്ഭുതമൊന്നും ആദ്യം രാമുവിന് തോന്നിയില്ല. എന്നാല്‍ തന്റെ ആകെ ശമ്പളമായ 6000 രൂപയില്‍ നിന്നാണ് 2000രൂപ മുടക്കി ചിക്കന്‍ വാങ്ങിയത് എന്ന് അറിഞ്ഞപ്പോള്‍ ഈ ജീവിതത്തില്‍ എത്രത്തോളം നന്മ ചെയ്യാനുള്ള അവസരങ്ങളും കഴിവുമാണ് നമുക്കുള്ളതെന്ന് രാമു തിരിച്ചറിയുകയായിരുന്നു. അന്ന് അവിടുന്നദ്ദേഹം ഇറങ്ങിയത് മനസ്സില്‍ വലിയൊരു ആഗ്രഹവുമായിട്ടാണ്. അന്ന് പരിചയപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡിനോടൊപ്പം ചേര്‍ന്ന് അദ്ദേഹം ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന 192ഓളം അന്യസംസ്ഥാനതൊഴിലാളികളെ കണ്ടെത്തി. തന്റെ സമ്പാദ്യത്തില്‍ നിന്നും ഒന്നര ലക്ഷം രൂപയോളമെടുത്ത് അവര്‍ക്ക് വേണ്ട പലചരക്ക് സാധനങ്ങളും മറ്റും എത്തിച്ചു നല്കി.
എന്നാലിത് കുറച്ച് ദിവസത്തേക്കുള്ള ആശ്വാസം മാത്രമായിരുന്നതിനാല്‍ അടുത്തുള്ള ഒരു പലചരക്ക് കടയുടമയെ സമീപിച്ച് തൊഴിലാളികള്‍ക്ക് വേണ്ട പലചരക്കും പച്ചക്കറികളും ലഭ്യമാക്കാനുള്ള ഏര്‍പ്പാട് ചെയ്തു. തന്റെ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിച്ചാണ് രാമു ഇതിനുള്ള പണം കണ്ടെത്തിയത്. അങ്ങനെ കുറച്ച് നാള് വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോളാണ് കഷ്ടപ്പാട് തുടങ്ങിയത്. രാമുവിന്റെ സന്നദ്ധപ്രവര്ത്തനങ്ങളെപ്പറ്റി കേട്ടറിഞ്ഞ് സഹായം അഭ്യര്‍ഥിച്ച് കൂടുതല്‍ ആളുകള്‍ രാമുവിന്റെ അടുത്തെത്താന്‍ തുടങ്ങി. ഇതോടെ പൈസയ്ക്ക് ബുദ്ധിമുട്ടായി. തന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നവരെ കയ്യൊഴിയാന്‍ രാമു എന്തായാലും ഒരുക്കമല്ലായിരുന്നു.
അങ്ങനെ തന്റെ വലിയ സ്വപ്നത്തേക്കാള്‍ വലുതാണ് ഒരുപാട് പേരുടെ വിശപ്പ് എന്ന തിരിച്ചറിവില്‍ രാമു അത് ചെയ്തു. ഏറെ നാളത്തെ സ്വപ്നമായിരുന്ന മൂന്നു മുറി ഫ്ളാറ്റിന് കരുതി വെച്ചിരുന്ന 38.5 ലക്ഷത്തോളം രൂപ അദ്ദേഹം കൂടുതല്‍ പലചരക്കും പച്ചക്കറികളും വാങ്ങാനായി ഉപയോഗിച്ചു. ഇതിനെത്തുടര്‍ന്നാണ് എല്‍ബി നഗറില്‍ അദ്ദേഹം ‘റൈസ് എടിഎം’ ആരംഭിക്കുന്നത്. ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും റേഷന്‍ എത്തിച്ചു നല്കുന്ന ഒരു മുഴുവന്‍ സമയ റേഷന്‍ കട. എല്ലാ സാധനങ്ങളും ഇവിടെ സൗജന്യമാണ്.
ഏപ്രിലില്‍ ആരംഭിച്ച ഈ സംരംഭം കൊണ്ട് മൂന്നൂറോളം കുടുംബങ്ങള്‍ ഇന്ന് പട്ടിണിയില്ലാതെ കഴിയുന്നുണ്ട്. തെലങ്കാന ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം 25000ത്തോളം കുടുംബങ്ങള്‍ക്കാണ് ഇത് വരെ രാമു ഭക്ഷണമെത്തിച്ചു നല്‍കിയിട്ടുള്ളത്. റൈസ് എടിഎമ്മില്‍ എത്തുന്ന ആരും തന്നെ ഇന്നോളം വെറുംകയ്യോടെ മടങ്ങിയിട്ടില്ല. തന്റെ അഭാവത്തില്‍ പോലും അശരണരെ നിരാശരാക്കരുതെന്ന നിര്‍ബന്ധമുണ്ട് രാമുവിന്. അതിനാല്‍ എന്നും എപ്പോഴും ഫുള്‍ഫില്‍ഡ് ആണ് ഈ എടിഎം.
Discussion about this post