അമൃത്സര്‍: കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരം ശക്തമാക്കി അടിയുറച്ച് കര്‍ഷകര്‍ മുന്നേറുമ്പോള്‍ അടിപതറുന്നത് ജിയോയുമാണ്. കര്‍ഷക പ്രതിഷേധം ഒരുമാസത്തിലേക്ക് കടക്കവേ റിലയന്‍സ് ജിയോക്ക് നേരെയാണ് പ്രതിഷേധം ആര്‍ത്തിരമ്പുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 176 സിഗ്‌നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് നശിച്ചത്. കര്‍ഷകര്‍ രോഷം പ്രകടപ്പിച്ച് ഇറങ്ങിയതില്‍ പിന്നെ, ഇതുവരെ 1411 ടെലികോം ടവര്‍ സൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, ടെലികോം സേവനങ്ങള്‍ നശിപ്പിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തി. പോലീസ് സഹായമില്ലാതെ സേവനം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെന്നാണ് ജിയോ ഉദ്യോഗസ്ഥരുടെ പ്രതികരണം. അതേസമയം, ഒരുമാസത്തിലേക്ക് കടന്ന കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തു.
ഇപ്പോഴും കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രവും തയ്യാറായിട്ടില്ല. ഡിസംബര്‍ 29 ന് വീണ്ടും, കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍.