ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് വിതരണത്തിനു മുന്നോടിയായി പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടത്തും. നാല് സംസ്ഥാനങ്ങളിലെയും തെരെഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലെ അഞ്ച് സ്ഥലങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. പഞ്ചാബില്‍ ലുധിയാന, ഷഹീദ് ഭഗത് സിങ് നഗര്‍ എന്നീ ജില്ലകളെയാണ് തെരെഞ്ഞെടുത്തിട്ടുള്ളത്.
കൊവിഡ് വാക്സിന് വിതരണത്തിനായി കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പോരായ്മകള്‍ വല്ലതും ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്സിന് ശേഖരണം, വാക്സിന് സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ എന്നിവയുടെ ഫലപ്രാപ്തി ഡ്രൈ റണ്ണില്‍ പരിശോധിക്കും.
യഥാര്‍ത്ഥ വാക്സിന് കുത്തിവയ്ക്കുന്നത് ഒഴികെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയിലെ മറ്റ് എല്ലാവ്യവസ്ഥകളും ഡ്രൈ റണ്ണില്‍ പരിശോധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. ലോകാരോഗ്യ സംഘടനയും യുഎന്‍ഡിപിയും സഹകരിച്ചാണ് വാക്സിന് ഡ്രൈ റണ്‍ നടത്തുന്നത്.
അതേസമയം രാജ്യത്ത് അടിയന്തര ഉപയോഗത്തിന് കൊവിഷീല്‍ഡ് വാക്സിന് അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച്ചയോടെ ഇന്ത്യയില്‍ അടിയന്തരാനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജനുവരി ആദ്യം കൊവിഡ് വാക്സിനേഷന് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കൊവിഷീല്‍ഡിന് പുറമേ വാക്സിന് കമ്പനിയായ ഫൈസര്‍, ഇന്ത്യയിലെ പ്രാദേശിക വാക്സിന് നിര്‍മാതാക്കളായ ബയോടെക് എന്നിവര്‍ അടിയന്തര അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുന്നതിനാല്‍ ഭാരത് ബയോടെക്കിന്റെ കൊവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാന്‍ സമയമെടുക്കുമെന്നാണ് വിവരം.
Discussion about this post