മധുര: പതിനാരുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത് 200ലേറെ പേർ. പെൺകുട്ടിയുടെ പിതൃസഹോദരി ഉൾപ്പെട്ട സെക്‌സ് റാക്കറ്റിന്റെ ഒത്താശയോടെയാണ് പെൺകുട്ടി നാല് വർഷത്തിനിടെ 200ലേറെ തവണ പീഡിപ്പിക്കപ്പെട്ടത്. തമിഴ്‌നാട്ടിലെ മധുരയിലാണ് കൊടുംക്രൂരത നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതൃസഹോദരി ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സെക്‌സ് റാക്കറ്റിൽനിന്ന് പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്.
പെൺകുട്ടിയുടെ പിതൃസഹോദരി (45) ചന്ദ്രകല(56) അനാർക്കലി(58) തങ്കം(44) സുമതി(45) ശ്രാവണപ്രഭു(30) എന്നിങ്ങനെ ആറുപേരാണ് പിടിയിലായത്. സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരായ ഇവർ പെൺകുട്ടിയെ നിരവധി പേർക്ക് കൈമാറുകയായിരുന്നു. ആംബുലൻസ് ഡ്രൈവറായ ശ്രാവണപ്രഭുവിന്റെ സഹായത്തോടെയാണ് പലയിടത്തും പെൺകുട്ടിയെ എത്തിച്ചിരുന്നത്. ഓട്ടോഡ്രൈവറായ ചിന്നത്തമ്പി എന്നയാളും സംഘത്തിലുൾപ്പെട്ടിട്ടുണ്ട്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ബുധനാഴ്ച ആറ് പേരെയും പിടികൂടിയത്. പെൺകുട്ടിയുടെ അമ്മ മാനസികരോഗിയായിരുന്നു. അച്ഛൻ മരിച്ചതോടെ തനിച്ചായ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തതു സെക്‌സ് റാക്കറ്റിൽ ഉൾപ്പെട്ട പിതൃസഹോദരിയായിരുന്നു. എന്നാൽ ഇവർ സംരക്ഷിക്കുന്നതിന് പകരം പെൺകുട്ടിയെ പലർക്കും കാഴ്ചവെയ്ക്കുകയായിരുന്നു.
എട്ടാം ക്ലാസിൽ പഠനം നിർത്തിയ പെൺകുട്ടിയെ കഴിഞ്ഞ നാല് വർഷത്തിനിടെ 200ലേറെ പേർ പീഡിപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സുമതിയുടെ വീട്ടിലായിരുന്നു പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത്. മൊബൈൽ ഫോണും പണവും സ്വർണാഭരണങ്ങളും നൽകി ഇവർ പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയും ചെയ്തു. അതിനാലാണ് പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കാതിരുന്നതെന്ന് പോലീസ് പറയുന്നു.
16കാരിയെ ഉപയോഗിച്ച് സംഘം പതിനായിരങ്ങൾ സമ്പാദിച്ചു. പോലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ഇടയ്ക്കിടെ താമസസ്ഥലം മാറുന്നതും ഇവരുടെ പതിവായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെയും പ്രതികളുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണെന്നും കൂടുതൽപേർ കേസിൽ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്നവിവരം.