കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി ഫോണ്‍കോള്‍; പരാതിയുമായി കര്‍ഷക നേതാവ്, ഭീഷണി ഉയര്‍ന്നത് പ്രതിഷേധത്തിനിടെ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് കര്‍ഷകരോഷം ആളിക്കത്തുകയാണ്. അതിനിടെ കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് തികൈതിന് നേരെ വധ ഭീഷണി. ശനിയാഴ്ചയാണ് രാകേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചത്.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് രാകേഷ് പറഞ്ഞു. വധ ഭീഷണി വന്നതിന് പിന്നാലെ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. രാകേഷ് തികൈതിന് വധ ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചതായി തികൈതിന്റെ സഹായി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉള്ള നേതാവാണ് രാകേഷ്.

യു.പിയിലെ ഗാസിയാബാദിലെ കൗസമ്പി പൊലീസ് സ്റ്റേഷനില്‍ വധഭീഷണവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, സര്‍ക്കാറുമായി ഡിസംബര്‍ 29 ന് കര്‍ഷകര്‍ ചര്‍ച്ച നടത്തുമെന്ന് രാകേഷ് തികൈത് പറഞ്ഞു.

കേന്ദ്രസര്‍ക്കാരുമായി ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. 11 മണിയ്ക്ക് ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാന ചര്‍ച്ച നടത്തിയിരുന്നത്.

Exit mobile version