റായ്പൂര്‍: ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ് രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി പദമൊഴിഞ്ഞത്. പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയതിന് ശേഷം രമണ്‍ സിങ് പ്രതികരിച്ചു.
‘ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. ശക്തമായ പ്രതിപക്ഷമായി ഞങ്ങള്‍ നിലകൊള്ളും. സംസ്ഥാനത്തിന്റെ വികസനത്തിനായി ഇനിയും മുന്നില്‍നിന്ന് പ്രവര്‍ത്തിക്കും’- രമണ്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും, ഈ ഫലം വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്നുതവണയും ചത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്ന രമണ്‍സിങ് 15 വര്‍ഷത്തിനുശേഷമാണ് മുഖ്യമന്ത്രി പദത്തില്‍നിന്ന് പടിയിറങ്ങുന്നത്. 2018 നിയമസഭ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകളിലേക്ക് ബിജെപി ഒതുങ്ങിയപ്പോള്‍ 68 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുകയായിരുന്നു.
Discussion about this post