ഹൈദരാബാദ്: തെലങ്കാനയിലെ വിജയം കെ ചന്ദ്രശേഖര റാവുവിന്റെ കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണെന്ന് മകളും എംപിയുമായ കെ കവിത.
” കെസിആറിനെ പോലെ മറ്റാര്‍ക്കും തെലങ്കാനയെ അറിയില്ല, ഞങ്ങള്‍ ജനങ്ങളുടെ പ്രതികരണം കാണുകയായിരുന്നു. നാലര വര്‍ഷമായുള്ള കഠിനാധ്വാനത്തിന് പ്രതിഫലം കിട്ടി.” കവിത പറഞ്ഞു.
ടിആര്‍എസിനെ വെല്ലുവിളിക്കാനായി കോണ്‍ഗ്രസ് ആന്ധ്രയിലെ തെലുങ്കു ദേശം പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിനെ രംഗത്തിറക്കിയിരുന്നു. എന്നാല്‍ ഈ സഖ്യം ഒരിക്കലും കെസിആറിന് ഭീഷണിയായില്ലെന്നും മകള്‍ വ്യക്തമാക്കി.
”ഇവിടെ കടലാസില്‍ ഒരു യുദ്ധം നടന്നെന്ന് മാത്രമേയുള്ളൂ. ഞങ്ങള്‍ എപ്പോഴും അടിസ്ഥാനപരമായി ജനങ്ങള്‍ക്കൊപ്പമാണ്. ജനങ്ങള്‍ കെസിആറിനൊപ്പവും. ചന്ദ്രബാബു നായിഡു ആന്ധ്രയിലെ അദ്ദേഹത്തിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനാണ് ശ്രമിച്ചത്. മഹാഘട്ബന്ധന്‍ ഹൈജാക്ക് ചെയ്ത് അദ്ദേഹം തെലങ്കാനയില്‍ പ്രചാരണത്തിനിറങ്ങി.” കവിത പറഞ്ഞു.
തങ്ങള്‍ കൂടുതല്‍ വളരും. ദേശീയ രാഷ്ട്രീയത്തിലേക്കും ടിആര്‍എസ്
കടക്കും. ദേശീയതലത്തില്‍ മാറ്റം ആവശ്യമാണെന്നും, ടിആര്‍എസിന്റെ ദേശീയ അജണ്ട പ്രഖ്യാപിക്കുമെന്നും കവിത കൂട്ടിച്ചേര്‍ത്തു.
തെലങ്കാനയില്‍ വന്‍ ഭൂരിപക്ഷമാണ് ടിആര്‍എസിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് പാര്‍ട്ടി രണ്ടാം തവണയും അധികാരത്തിലെത്തുന്നത്.