കര്‍ഷകരെ ചില നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി വഴി തെറ്റിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോഡി

narendra modi | big news live

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരെ ചില നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി വഴി തെറ്റിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പിഎം കിസാന്‍ നിധിയുടെ വിതരണം നിര്‍വഹിച്ച് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി ഓണ്‍ലൈനിലൂടെ ആശയവിനിമയം നടത്തവേയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പറഞ്ഞത്.

രാഷ്ട്രീയ നേട്ടത്തിനായി ചില നേതാക്കള്‍ വന്‍കിട കമ്പനികള്‍ കരാറുകളിലൂടെ കൃഷിഭൂമി തട്ടിയെടുക്കുന്നുവെന്ന് അഭ്യൂഹം പ്രചരിപ്പിക്കുകയാണ്. ചില നേതാക്കള്‍ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി കര്‍ഷകരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണ്. തുറന്നമനസ്സോടെയാണ് കര്‍ഷകരോട് ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത് എന്നും മോഡി പറഞ്ഞു.

അതേസമയം രാജ്യത്ത് നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഎം അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കര്‍ഷകരോട് സംസാരിച്ചത്. ‘വോട്ടര്‍മാര്‍ വരെ തള്ളിക്കളഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷക സമരത്തിന്റെ മറവില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുകയാണ്. വര്‍ഷങ്ങളായി കേരളം ഭരിക്കുന്നവര്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം ചേരുന്നു. സ്വന്തം സംസ്ഥാനത്ത് എപിഎംസി സ്ഥാപിക്കാന്‍ ഒന്നും ചെയ്യുന്നില്ല. കേരളത്തില്‍ മണ്ഡികളുമില്ല. എന്നിട്ട് എന്തുകൊണ്ടാണ് അവിടെ സമരം ഇല്ലാത്തത്’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ബംഗാള്‍ സര്‍ക്കാരിനെയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. മമതാ ബാനര്‍ജി ബംഗാളില്‍ ഇതുവരെ കിസാന്‍ നിധി നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ അവര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ അവര്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കു വേണ്ടി രംഗത്തിറങ്ങിയെന്നുമാണ് പരിഹാസരൂപേണ പ്രധാനമന്ത്രി പറഞ്ഞത്.


അതേസമയം രാജ്യത്ത് കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നതിനിടെ കര്‍ഷക കുടുംബങ്ങള്‍ക്ക് ധനസഹായവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി 18,000 കോടി രൂപയാണ് ഇന്ന് അനുവദിച്ചത്. ഒമ്പത് കോടി കര്‍ഷക കുടുംബങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ഒമ്പതു കോടി കര്‍ഷകരുമായി സംവദിക്കുന്നതിന് ഇടയിലാണ് പണം അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്.

Exit mobile version