ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണത്തിനു മുന്നോടിയായി നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ അടുത്ത ആഴ്ച നടത്തും. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്താന്‍ തീരമാനിച്ചിരിക്കുന്നത്.
ഡിസംബര്‍ 28, 29 തീയതികളില്‍ ആണ് ഡ്രൈ റണ്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ട്. നാല് സംസ്ഥാനങ്ങളിലെയും തെരെഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലെ അഞ്ച് സ്ഥലങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. പഞ്ചാബില്‍ ലുധിയാന, ഷഹീദ് ഭഗത് സിങ് നഗര്‍ എന്നീ ജില്ലകളെയാണ് തെരെഞ്ഞെടുത്തിട്ടുള്ളത്.
കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പോരായ്മകള്‍ വല്ലതും ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്സിന്‍ ശേഖരണം, വാക്സിന്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ എന്നിവയുടെ ഫലപ്രാപ്തി ഡ്രൈ റണ്ണില്‍ പരിശോധിക്കും.
യഥാര്‍ത്ഥ വാക്സിന്‍ കുത്തിവയ്ക്കുന്നത് ഒഴികെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയിലെ മറ്റ് എല്ലാവ്യവസ്ഥകളും ഡ്രൈ റണ്ണില്‍ പരിശോധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. ലോകാരോഗ്യ സംഘടനയും യുഎന്‍ഡിപിയും സഹകരിച്ചാണ് വാക്സിന്‍ ഡ്രൈ റണ്‍ നടത്തുന്നത്.
കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പറഞ്ഞിട്ടുള്ളത്. വാക്‌സിന്‍ കുത്തിവെയ്പ്പ് കേന്ദ്രത്തില്‍ ഡോക്ടര്‍ ഉള്‍പ്പടെ അഞ്ച് ജീവനക്കാരാണ് ഉണ്ടാകുക. ഡോക്ടര്‍ക്ക് പുറമെ നഴ്സ്, ഫര്‍മസിസ്റ്റ്, പോലീസ്, ഗാര്‍ഡ് എന്നിവര്‍ വാക്സിന്‍ കുത്തിവെപ്പ് കേന്ദ്രത്തില്‍ ഉണ്ടാകും.
ആഭ്യന്തരം, പ്രതിരോധം, റെയില്‍വെ, വ്യോമയാനം, ഊര്‍ജ്ജം, തൊഴില്‍, സ്പോര്‍ട്ട്സ്, ന്യൂനപക്ഷ ക്ഷേമം, വനിതാ-ശിശുക്ഷേമം തുടങ്ങി 20 മന്ത്രാലയങ്ങളാണ് വാക്സിന്‍ വിതരണം ഏകോപിപ്പിക്കുക. നീതി ആയോഗ് അംഗം ഡോക്ടര്‍ വികെ പോള്‍ അധ്യക്ഷനായ ദേശീയ വിദഗ്ധ സംഘത്തിനാണ് കൊവിഡ് വാക്സിന്‍ വിതരണത്തിന്റെ ഏകോപന പ്രവര്‍ത്തനങ്ങളുടെ ചുമതല.
ഓരോ കൊവിഡ് വാക്സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറ് പേര്‍ക്കാണ് വാക്സിന്‍ നല്‍കുക. കൊവിഡ് വാക്സിന്‍ കേന്ദ്രത്തിന് മൂന്ന് മുറികള്‍ ഉണ്ടായിരിക്കണം. ആദ്യത്തെ മുറി കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങളും ക്രമീകരിക്കണം.
രണ്ടാമത്തെ മുറിയില്‍ വെച്ചാണ് വാക്സിന്‍ നല്‍കുക. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും. അരമണിക്കൂറിനുളളില്‍ രോഗലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ നേരത്തേ നിശ്ചയിച്ചിട്ടുളള ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാനും കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Dry run for vaccine administration will be conducted in Andhra Pradesh, Assam, Gujarat & Punjab next week. This will exercise enable end-to-end mobilisation and testing of COVID-19 vaccination process (except the vaccine) and check the usage of Co-WIN: Govt of India https://t.co/N5T2M1vveA
— ANI (@ANI) December 25, 2020
Discussion about this post