ബംഗളൂരു: ബ്രിട്ടണില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക. നൈറ്റ് കര്‍ഫ്യൂവിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തീരുമാനം പിന്‍വലിച്ചത്.
പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷം രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് പടരാതിരിക്കാന്‍ മുഖാവരണം ധരിക്കുകയും കൈകളുടെ ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്നും യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു.
ഈ മാസം 24 മുതല്‍ ജനുവരി 2 വരെയാണ് രാത്രി 11 നും രാവിലെ അഞ്ചിനും ഇടയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ കര്‍ണാടക തീരുമാനിച്ചിരുന്നത്. ബുധനാഴ്ചയാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രാത്രികാല കര്‍ഫ്യൂ സംബന്ധിച്ച് സാങ്കേതിക ഉപദേശക സമിതി സര്‍ക്കാരിന് ഉപദേശം നല്‍കിയതായി നേരത്തെ കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞിരുന്നു. രാത്രികാല കര്‍ഫ്യൂവിനായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.
Discussion about this post