9,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വിജയ് മല്യയെ ഇന്ത്യയിലേക്ക് മടക്കിയയ്ക്കണമെന്ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെ മുന്‍ മദ്യരാജാവിനെതിരേ നിര്‍ത്തലാക്കിയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ മുന്‍ ജീവനക്കാരിയുടെ പരസ്യ പ്രതികരണം. സ്വന്തം ചെയ്തികളുടെ പ്രത്യാഘാതങ്ങള്‍ മല്യ നേരിടുന്നത് തനിക്ക് കാണമെന്നാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാരിയായിരുന്ന നീതു ശുക്ല പറഞ്ഞത്.
കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. പണം വകമാറ്റി ഉപയോഗിക്കുകയും തട്ടിയെടുക്കുകയും ചെയ്ത കുറ്റങ്ങള്‍ മല്യക്കെതിരേയുണ്ട്. പണം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസ് മാത്രമല്ല, ഒരുപാട് ക്രിമനല്‍ പ്രവര്‍ത്തനങ്ങളില്‍ മല്യ ഉള്‍പ്പെട്ടിട്ടുണ്ട്. സ്വന്തം പ്രവര്‍ത്തികള്‍കൊണ്ടുള്ള അസുഖകരമായ പ്രത്യാഘാതങ്ങള്‍ അദ്ദേഹം നേരിടണം. അത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; നീതു ശുക്ല തിങ്കളാഴ്ച എഎന്‍ഐയോട് പറഞ്ഞു.
തൊഴിലാളികളെ സംരക്ഷിക്കാന്‍ രാജ്യത്തിന് കഴിയുന്നില്ലെന്ന പരാതിയും നീതു ശുക്ല ഇതിനൊപ്പം ഉയര്‍ത്തി. ഇന്ത്യയിലെ നിയമങ്ങള്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്നായിരുന്നു നീതുവിന്റെ പരാതി.
ഇന്ത്യ ഒരു തൊളിലാളി കേന്ദ്രീകൃത രാജ്യമായിട്ടും തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കാവുന്നില്ല. തൊഴിലാളികള്‍ ഒരുതരത്തിലും ഇവിടെ സുരക്ഷിതരല്ല. നമുക്ക് നമ്മുടെ തൊഴില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്; നീതു ശുക്ല അഭിപ്രായപ്പെട്ടു.
അതേസമയം തന്നെ ഇന്ത്യയിലേക്ക് മടക്കി അയക്കണം എന്ന വിധിക്കെതിരെ 14 ദിവസത്തിനകം മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാം. എല്ലാ കടവും വീട്ടാനുള്ളത്ര സമ്പത്ത് തനിക്കുണ്ടെന്നും നേരത്തെ മല്യ അവകാശപ്പെട്ടിരുന്നു. വിജയ് മല്യയെ ഇന്ത്യയിലേക്ക് മടക്കിഅയക്കാനുള്ള കോടതി വിധിയെ സിബിഐ സ്വാഗതം ചെയ്തിട്ടുണ്ട്.
Discussion about this post