മുംബൈ: ലോകം കോവിഡ് ഭീതിയിൽ കഴിയവെ ആശ്വാസമായി വാക്‌സിനുകൾ രംഗത്തെത്തിയിരിക്കുകയാണ്. ചില വാക്‌സിനുകൾക്ക് യുകെ, അമേരിക്ക, യുഎഇ, സൗദി തുടങ്ങിയ സമ്പന്ന രാജ്യങ്ങൾ അനുമതിയും നൽകി കഴിഞ്ഞു. എന്നാൽ ഫൈസർ കമ്പനിയുടെ വാക്‌സിനിൽ പന്നി കൊഴുപ്പ് (പോർക്ക് ജെലാറ്റിൻ )അടങ്ങിയിട്ടുണ്ടെന്ന വാർത്ത വലിയ ചർച്ചയാവുകയാണ്.
ഇസ്ലാം മത വിശ്വാസികൾക്ക് ഇടയിൽ വാക്‌സിൻ ഹലാൽ ആണോ ഹറാം ആണോ എന്ന ചർച്ച ഉടലെടുത്തിരിക്കുകയാണ്. ഇതിനിടെ, മുംബൈയിൽ കൂടിക്കാഴ്ച നടത്തിയ മുസ്ലിം പണ്ഡിതർ പന്നി കൊഴുപ്പ് അടങ്ങിയ വാക്‌സിൻ ഒരു മുസ്ലിമിനും നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
ബുധനാഴ്ച മുംബൈയിൽ നടന്ന സുന്നി മുസ്ലിം പണ്ഡിതരുടെ യോഗത്തിലാണ് തീരുമാനത്തിലെത്തിയത്. പന്നി കൊഴുപ്പ് അടങ്ങിയിരിക്കുന്ന വാക്‌സിൻ ഹറാമാ
ണെന്നും മുസ്ലിങ്ങൾക്ക് ഇത് നിഷിദ്ധമാണെന്നും പണ്ഡിതരുടെ ചർച്ചയിൽ തീരുമാനിച്ചു.
‘പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയതാണ് വാക്‌സിൻ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. മുസ്ലിങ്ങൾക്ക് പന്നി ഹറാം ആണ്. പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയ വാക്‌സിൻ അനുവദിക്കാൻ കഴിയില്ല’-യോഗത്തിനു ശേഷം തീരുമാനം അറിയിച്ചു കൊണ്ട് റാസ അക്കാദമി സെക്രട്ടറി ജനറൽ സയീദ് നൂറി പറഞ്ഞു. ഇന്ത്യയിൽ ഉണ്ടാക്കിയതോ ഉപയോഗിക്കാൻ ഉത്തരവിടുന്നതോ ആയ കോവിഡ് വാക്‌സിനിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്നുള്ളതിന്റെ ഒരു പട്ടിക സർക്കാർ മുസ്ലിം പണ്ഡിതർക്ക് നൽകണമെന്നും നൂറി പറഞ്ഞു.
ഇസ്ലാമിക് നിയമങ്ങളെ പരാമർശിച്ച് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്ന ഉലമ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതരാണ് യോഗം വിളിച്ചു ചേർത്തതും വാക്‌സിനെ കുറിച്ച് ചർച്ച ചെയ്തതും. ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി കഴിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതിൽ അടങ്ങിയിരിക്കുന്ന എന്തും അനുവദനീയമല്ലെന്നും യോഗത്തിന് ശേഷം അവർ തീരുമാനിച്ചു.
‘പന്നിയുടെ ഒരു രോമം കിണറ്റിൽ വീണാൽ ആ കിണറ്റിൽ നിന്നുള്ള വെള്ളം മുസ്ലിങ്ങൾക്ക് നിരോധിക്കപ്പെട്ടത് ആണ്. അതുകൊണ്ട് ഇസ്ലാമിക നിയമം അനുസരിച്ച് പന്നിയിറച്ചിയിൽ നിന്നുള്ള ജെലാറ്റിൻ ഉപയോഗിച്ചുള്ള വാക്‌സിൻ ഒരു രോഗത്തിന് എതിരെയുമുള്ള ചികിത്സയായും വർത്തിക്കില്ല’ ഖാസി-ഇ മുംബൈ ഹസ്രത്ത് മുഫ്തി മെഹ്മൂദ് അക്തറിന്റെ തീരുമാനം വായിച്ച് നൂറി പറഞ്ഞു.
അതേസമയം, പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയിട്ടുണ്ടെങ്കിലും കൊറോണ വൈറസ് വാക്‌സിനുകൾ മുസ്ലീങ്ങൾക്ക് അനുവദനീയമാണെന്ന് യുഎഇയിലെ ഉയർന്ന ഇസ്‌ലാമിക അതോറ്റിറ്റിയായ യുഎഇ ഫത്വ കൗൺസിൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
മനുഷ്യന്റെ സുരക്ഷയാണ് പ്രധാനമെന്നും കോവിഡ് വാക്‌സിനിൽ പന്നിക്കൊഴുപ്പ് ചേർത്താലും കുഴപ്പമില്ല ഇസ്ലാം മത വിശ്വാസികൾക്ക് കുത്തിവെയ്ക്കാമെന്നും യുഎഇയിലെ മുസ്ലിം പണ്ഡിതരുടെ കൗൺസിൽ അറിയിച്ചിരുന്നു. ഇസ്‌ലാമിക മതവിശ്വാസനിയമപ്രകാരം പന്നി ഹറാമായ മൃഗമാണ്. പന്നി കൊണ്ടുള്ള/ അടങ്ങിയ ഉൽപ്പന്നങ്ങൾ വിശ്വാസികൾക്ക് നിഷിദ്ധമാണ്. അതേസമയം, മനുഷ്യന്റെ ശരീരം സംരക്ഷിക്കുക എന്നതാണ് മുഖ്യമെന്നും മറ്റ് മാർഗങ്ങളൊന്നുമില്ലെങ്കിൽ പന്നിക്കൊഴുപ്പ് കൊണ്ടുള്ള വാക്‌സിൻ ഉപയോഗിക്കാമെന്നും കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ ബയ്യാഹ് പറഞ്ഞിരുന്നു.
വാക്‌സിൻ നിർമ്മാണത്തിന് പന്നിയിൽ നിന്നും ശേഖരിക്കുന്ന ജെല്ലാറ്റിൻ എന്ന വസ്തു ഉപയോഗിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ഇസ്‌ലാമിക് മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സൽമാൻ വാഖർ ആണ് അറിയിച്ചത്. ഇതിനു പിന്നാലെ ലോകമെമ്പാടുമുള്ള മുസ്ലിംമതവിശ്വാസികൾക്ക് ഇടയിൽ സംഭവം വലിയ ചർച്ചയായിരുന്നു.
Discussion about this post