ന്യൂഡൽഹി: കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ കഠിനമായ ജോലി ചെയ്യുകയും എന്നാൽ അതിന് അനുസരിച്ച് വേതനമില്ലെന്ന് പരാതി ഉയർന്നിരിക്കെ ദീപാവലിക്ക് കോടികൾ പൊടിച്ച് ആഘോഷം നടത്തി കെജരിവാൾ സർക്കാർ. ദീപാവലിക്ക് നടന്ന ലക്ഷ്മീ പൂജ നടത്തുന്നതിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ചെലവാക്കിയത് ആറു കോടി രൂപയെന്ന് കണക്കുകൽ സൂചിപ്പിക്കുന്നു.
ആക്ടിവിസ്റ്റ് സാകേത് ഗോഖ്‌ലെ വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിലൂടെയാണ് വിവരം പുറത്തായത്. ഓരോ മിനിറ്റിലും 20 ലക്ഷം എന്ന നിരക്കിൽ ആറ് കോടി രൂപയാണ് കെജരിവാൾ ചെലവാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഡൽഹി സർക്കാരിന്റെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്നും വിവരാവകാശ അപേക്ഷയിലൂടെയാണ് വിവരങ്ങൾ ലഭിച്ചത്. എന്നാൽ, ലക്ഷ്മീ പൂജ സർക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്നാണ് ഡൽഹി സർക്കാർ വിശദീകരിക്കുന്നത്.
കെജരിവാൾ കഴിഞ്ഞ നവംബർ 14നാണ് ലക്ഷ്മീ പൂജ നടത്തിയത്. പരിപാടിയുടെ ലൈവ് ടെലികാസ്റ്റും സർക്കാർ നടത്തിയിരുന്ന. അക്ഷർധാം ക്ഷേത്രത്തിൽ നടന്ന മെഗാ പരിപാടിയിൽ മുഖ്യമന്ത്രി കെജരിവാളും മന്ത്രിസഭാംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ലക്ഷ്മീ പൂജയിൽ പങ്കെടുക്കണമെന്നും വായു മലിനീകരണം പരിഗണിച്ച് ആരും പടക്കം പൊട്ടിക്കരുതെന്നും കെജരിവാൾ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർ ശമ്പളമില്ലാതെ പ്രതിഷേധിക്കുമ്പോൾ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സർക്കാർ ധൂർത്ത് നടത്തുകയാണെന്ന് സാകേത് ഗോഖ്‌ലെ പറഞ്ഞു.