പ്രഫ. എം.എം. കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് പൊതുവായ ബന്ധമുണ്ടോയെന്നു സിബിഐയോട് അന്വേഷിക്കാന്‍ സുപ്രിംകോടതിയുടെ ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് ജനുവരി ആദ്യ വാരം നല്‍കണം. അന്വേഷണത്തില്‍ കൊലപാതകങ്ങളില്‍ ബന്ധമുണ്ടെന്ന് സിബിഐക്ക് തോന്നിയാല്‍ വിശദമായ അന്വേഷണത്തിന് ഏല്‍പ്പിക്കുമെന്നു കോടതി വ്യക്തമാക്കി. നിലവിലെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചു കല്‍ബുര്‍ഗിയുടെ ഭാര്യ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
കര്‍ണാടകയിലെ ധാര്‍വാഡില്‍ 2015 ആഗസ്റ്റ് 30 ന് വീടിനു മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റാണ് 77 കാരനായ പ്രഫ. എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. കോളിങ് ബെല്‍ ശബ്ദംകേട്ട് ഇറങ്ങി വന്ന കല്‍ബുര്‍ഗിയെ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ടിന് ജോലി സ്ഥലത്തു നിന്നു തിരിച്ച് താമസസ്ഥലത്തെത്തി വീട്ടില്‍ കയറുന്ന വേളയിലാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരിക്ക് വെടിയേറ്റത്.
ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ച തോക്കും തിരകളും ഒരേ രീതിയിലുള്ളതാണെന്ന് അന്വേഷക സംഘം കണ്ടെത്തിയിരുന്നു. പുരോഗമനവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരും സമാനമായ രീതിയിലായിരുന്നു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് ഇവരെയെല്ലാം ആക്രമിച്ചത്. ഇവരെല്ലാവരും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകരായിരുന്നു.