ന്യൂഡൽഹി: രാജ്യത്താകമാനമുള്ള സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി) എഡ്യൂക്കേഷൻ) വിദ്യാർത്ഥികൾക്ക് ഫെബ്രുവരിക്ക് ശേഷം പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്നും അധ്യാപകരുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ബോർഡ് പരീക്ഷകൾ പിന്നീടേ നടത്തൂവെന്നും പരീക്ഷാ തീയതി ഫെബ്രുവരിക്ക് ശേഷം നിശ്ചയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മറ്റു ക്ലാസുകളിലെപ്പോലെ ബോർഡ് പരീക്ഷകൾ ഓൺലൈനായി നടത്താനാകില്ല. സ്‌കൂളുകൾ പലതും ഗ്രാമ പ്രദേശങ്ങളിലാണ്. എന്നാൽ ബോർഡ് പരീക്ഷകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനും കഴിയില്ല. കുട്ടികൾ കോവിഡ് യുഗത്തിലെ കുട്ടികളെന്നും പരീക്ഷ എഴുതാതെ പാസായവരെന്നും മുദ്രകുത്തപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.
നീറ്റ്, ജെഇഇ പരീക്ഷകൾ നാം ഈ വർഷം നടത്തിയിരുന്നു. കോവിഡ് മഹാമാരിക്കിടെ നടത്തിയ വലിയ പരീക്ഷകളായിരുന്നു അവ. സിലബസ് കുറച്ചുകൊണ്ട് സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടത്തും. സിലബസിന്റെ 30 ശതമാനം ഒഴിവാക്കും. ചില സംസ്ഥാനങ്ങൾ അത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്. മറ്റുസംസ്ഥാനങ്ങളും ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post