ന്യൂഡല്‍ഹി: കോവിഡിന് ഒരു വയസ്സ് പിന്നിടുമ്പോഴും ഇന്നും വൈറസ് ഭീതിയില്‍ കഴിയുകയാണ് ലോകജനത. കോടിക്കണക്കിനാളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. ലക്ഷങ്ങള്‍ വൈറസ് ബാധിച്ച് മരിച്ച് വീഴുകയും ചെയ്തു. ദിനംപ്രതി വ്യാപിച്ചുകൊണ്ടിരിക്കുന്ന വൈറസില്‍ നിന്നും മുക്തിനേടാനുള്ള പ്രാര്‍ത്ഥനയിലാണ് ലോകം.
അതിനിടെ ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കി ചില വിദേശരാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ ആശങ്ക ഉയര്‍ത്തി ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
കൊവിഡ് മുക്തരിലാണ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിരോധ ശേഷി കുറയുന്നത് മൂലമാണ് മ്യൂക്കര്‍മൈക്കോസിസ് എന്ന ഫംഗസ് ബാധ ഏല്‍ക്കുന്നത്. ഫംഗസ് ബാധയേറ്റ പത്തോളം പേര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് ചികിത്സയുടെ ഭാഗമായി ആന്റിവൈറല്‍ മരുന്നുകളും സ്റ്റിറോയ്ഡുകളും കഴിക്കേണ്ടി വരുന്നതു പ്രതിരോധ ശേഷി കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ് ഫംഗസ് ബാധയേല്‍ക്കാന്‍ പ്രധാന കാരണം. മ്യൂക്കര്‍മൈക്കോസിസ് എന്ന ഫംഗസ് ബാധ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇത് കൊവിഡ് രോഗികളെ ബാധിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഫംഗസ് ബാധയേറ്റ പലര്‍ക്കും കാഴ്ചശക്തി നഷ്ടമാകുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. തലയോട്ടിക്കുള്ളിലെ അറകള്‍, മസ്തിഷ്‌കം, ശ്വാസകോശം എന്നിവയെയാണ് മ്യൂക്കര്‍മൈക്കോസിസ് പ്രധാനമായി ബാധിക്കുക.
ഏതവയവത്തെയാണു ബാധിച്ചത് എന്നതിനനുസരിച്ച് രോഗലക്ഷണങ്ങളും മാറും. മുഖത്തെ ഒരു ഭാഗത്തു തടിച്ചു നീരു വരിക, പനി, തലവേദന തുടങ്ങിയവയാണു പൊതുവായ ലക്ഷണങ്ങള്‍. കാന്‍സര്‍, പ്രമേഹം തുടങ്ങിയവയ്ക്കു ചികിത്സ തേടിയവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ തുടങ്ങിയവര്‍ക്ക് ഫംഗസ് പിടിപെടാന്‍ സാധ്യത കൂടുതലാണ്.ഡല്‍ഹിയില്‍ 13 പേര്‍ക്കും അഹമ്മദാബാദില്‍ 44 പേര്‍ക്കും ഫംഗസ് ബാധയേറ്റെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.