ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് വിലക്ക്.
വിലക്ക് നിലവില്‍ വരുന്ന ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ യുകെയില്‍ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാക്കി.
ബ്രിട്ടണില്‍ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ്. ഇതേ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ യുകെയിലേക്കുള്ള വിമാന ഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post