ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകരെ തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എഥിരെ പരസ്യമായ ആഹ്വാനവുമായി കർഷകർ. പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ നടക്കുന്ന വേളയിൽ എല്ലാവരും പാത്രം കൊട്ടണമെന്ന് ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ ആഹ്വാനം ചെയ്തു. നേരത്തെ കോവിഡ് പോരാളികളെ ആദരിക്കുന്നതിനായി പാത്രം കൊട്ടാനും വിളക്ക് തെളിക്കാനും പ്രധാനമന്ത്രി മോഡി ആഹ്വാനം ചെയ്തിരുന്നു.
ഡിസംബർ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘മൻ കി ബാത്തി’ൽ സംസാരിക്കുന്ന സമയം വീടുകളിൽ പാത്രം കൊട്ടാൻ അഭ്യർത്ഥിക്കുന്നുവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജഗജിത് സിങ് ദാലേവാല പറഞ്ഞു.
ഡിസംബർ 25 മുതൽ ഡിസംബർ 27 വരെ ഹരിയാണയിലെ ടോൾ പ്ലാസകളിലൂടെ സൗജന്യമായി വാഹനങ്ങൾ കടത്തിവിടുമെന്നും ദല്ലേവാല പറഞ്ഞു. ഈമാസം 27നാണ് പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാനത്തെ മൻകി ബാത്ത് പരിപാടി നടക്കുക. കിസാൻ ദിവസ് ആയ ഡിസംബർ 23ന് ഒരുനേരം ഭക്ഷണം ഒഴിവാക്കാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന് രാകേഷ് ടിക്കായത്തും പറഞ്ഞു.
Discussion about this post