ബംഗളൂരു: ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണമെന്ന് മുസ്ലീം സമുദായത്തിലുള്ളവരോട് അഭ്യര്‍ത്ഥിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം. കര്‍ണാടകയില്‍ പാസാക്കിയ ഗോവധ നിരോധന നിയമത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയതായിരുന്നു ഇബ്രാഹിം.
ഗോവധ നിരോധന നിയമത്തെ കോണ്‍ഗ്രസ് ആദ്യം തന്നെ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നിലപാടിനെ അംഗീകരിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഗോവധ നിരോധന നിയമത്തിനെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതിഷേധ ശരങ്ങള്‍ ഉയര്‍ത്തുന്നതിനിടയിലാണ് സിഎം ഇബ്രാഹിമിന്റെ പ്രതികരണം.
മുസ്ലീങ്ങള്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഇബ്രാഹിം അഭ്യര്‍ഥിച്ചു. താലൂക്ക് തലത്തില്‍ ഗോശാലകള്‍ സ്ഥാപിക്കാനുള്ള ബിജെപിയുടെ പദ്ധതി പഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനത്തിലും നമ്മുടെ സമൂഹം ഏര്‍പ്പെടരുതെന്ന് ഒരു മുസ്ലിം എന്ന നിലയില്‍ ഞാന്‍ ശക്തമായി ആഗ്രഹിക്കുന്നു. മുസ്ലിം സമൂഹം അത് മനസ്സിലാക്കുകയും ഗോമാംസം കഴിക്കുന്നത് ഒഴിവാക്കുകയും വേണം’ സിഎം ഇബ്രാഹിം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് വിട്ട് ജെഡിഎസിലേക്ക് ചേരാന്‍ തയ്യറായി നില്ക്കുന്ന ഇബ്രാഹിം കോണ്‍ഗ്രസില്‍ നിന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്നും കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് നേരത്തെ പറഞ്ഞിരുന്നു. താന്‍ പാര്‍ട്ടി വിടുകയാണെന്നറിയിച്ചതിന് ശേഷം അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതിനായി കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു.
Discussion about this post