രാഷ്ട്രീയ പകപോക്കലോ? ഫാറൂഖ് അബ്ദുള്ളയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി; ജപ്തി ചെയ്തത് ജമ്മുവിലേയും ശ്രീനഗറിലേയും സ്വത്തുവകകൾ

Farooq abdullah | India News

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഴിമതി കേസിൽ ആരോപണം നേരിടുന്ന കാശ്മീരിലെ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകൾ കണ്ടുകെട്ടി. ജമ്മു കാശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നടപടി. കേസിൽ ഫാറൂഖ് അബ്ദുള്ള ഉൾപ്പടെ മൂന്നുപേർക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2018ൽ സമർപ്പിച്ച കുറ്റപത്രത്തെ തുടർന്നാണ് ഇഡിയുടെ നടപടി. ഫാറൂഖ് അബ്ദുള്ളയുടെ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 60-70 കോടി രൂപ വിപണിമൂല്യമുളളവയാണ് ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

2002-11 കാലഘട്ടത്തിൽ 43.69 കോടി രൂപയുടെ തിരിമറി ക്രിക്കറ്റ് അസോസിയേഷൻ നടത്തിയതായാണ് കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നത്. കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താല്കാലിക ജപ്തി ഉത്തരവ് പുറപ്പെടുവിച്ചാണ് ഇഡി സ്വത്തുവകകൾ കണ്ടുകെട്ടിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ വെച്ച് കഴിഞ്ഞ ഒക്ടോബറിൽ അബ്ദുള്ളയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു.

അതേസമയം, ഇഡിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച നാഷണൽ കോൺഫറൻസ് സംഭവത്തെ രാഷ്ട്രീയ പകപോക്കലെന്നാണ് വിശേഷിപ്പിച്ചത്. ‘ കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനഃസ്ഥാപിക്കാനായി രൂപംകൊണ്ട പീപ്പിൾസ് അലയൻസ് പോർ ഗുപ്കാർ ഡിക്ലറേഷന് ശേഷമാണ് ഇഡിയുടെ നോട്ടീസ് വരുന്നത്. ഈ നടപടി രാഷ്ട്രീയ പകപോക്കലാണ്.’ നാഷണൽ കോൺഫറൻസ് വക്താവ് പറഞ്ഞു.

‘ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെയും എതിർക്കുന്നവർ അഭിമുഖീകരിക്കേണ്ടി വരുന്നത് ഇത്തരം പകപോക്കലുകളാണ്. രാജ്യമെമ്പാടുമുള്ള പ്രതിപക്ഷത്തെ ലക്ഷ്യം വെച്ച് ബിജെപി വിവിധ വകുപ്പുകളുടെ സഹായത്തോടെ ഭയപ്പെടുത്തുകയാണെന്നും നാഷണൽ കോൺഫറൻസ് ആരോപിച്ചു.

Exit mobile version