ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ചത്തീസ്ഗഡില്‍ 67 സീറ്റുകളെന്ന മൃഗീയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. അതേസമയം മിസോറാമില്‍ ഭരണവിരുദ്ധവികാരം അലയടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. ഇവിടെ മിസോ നാഷണല്‍ ഫ്രണ്ടാണ് 24 സീറ്റുകളോടെ ഭരണം ഉറപ്പിച്ചത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 101 സീറ്റുകളുടെ ഭൂരിപക്ഷം ബിജെപി 73 സീറ്റുകള്‍ നേടി. മറ്റുളളവര്‍ 21 സീറ്റുകള്‍ നേടിയത് നിര്‍ണായകമാണ്. അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിഎസ്പിക്ക് മൂന്ന് സീറ്റ് കിട്ടിയതും മറ്റുളളവര്‍ എട്ടോളം സീറ്റ് നേടിയതും നിര്‍ണായകമാണ്.
രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച നേട്ടം തന്നെയാണ് ഉണ്ടാക്കിയത് എന്നതില്‍ തര്‍ക്കമില്ല. പാര്‍ലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും രാജ്നാഥ് സിങ് അടക്കമുളള ബിജെപി നേതാക്കളുടേയും ശരീരഭാഷ ഇത് ശരി വെക്കുന്നതാണ്. അതേസമയം 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന ചത്തീസ്ഗഢിനെ അടക്കം തിരികെ പിടിച്ച കോണ്‍ഗ്രസിന് ഈ നേട്ടം ആത്മവിശ്വാസം കൈവരിക്കുന്നതാണ്.
അത് കൊണ്ട് തന്നെ ഒരു ഇടവേളയ്ക്ക് ശേഷം ശക്തനായാണ് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി തിരികെ എത്തിയതും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചെറുതായി കണ്ട ഭരണപക്ഷത്തിനും ഇത് കണ്ണുതുറപ്പിക്കുന്നതാണ്. പഞ്ചാബ്, കര്‍ണാടക അടക്കമുളള സംസ്ഥാനങ്ങളില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ അത് സംസ്ഥാന നേതാക്കളുടെ നേട്ടമായാണ് ബിജെപി വിലയിരുത്തിയത്. രാഹുലിനെ മോദിയുടെ എതിരാളിയായി കാണാന്‍ പോലും ബിജെപി തയ്യാറായില്ല.
ബിജെപി മാറ്റിച്ചിന്തിപ്പിക്കാന്‍ പോന്നതാണ് ഇന്നത്തെ കോണ്‍ഗ്രസിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തപ്പോഴും പരിഹാസവുമായാണ് ബിജെപി രംഗത്തെത്തിയത്. പ്രതിപക്ഷത്തെ ഇനിയും അവഗണിക്കാനാവില്ലെന്ന തിരിച്ചറിവാണ് മോദിയുടെ ഇന്നത്തെ പ്രതികരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ലമെന്റില്‍ ഏത് വിഷയത്തിലും ചര്‍ച്ചയാകാം എന്ന് മോദി ഇന്ന് പ്രതികരിച്ചത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിനെ കുറിച്ച് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറാവുകയും ചെയ്തില്ല.
പാര്‍ലമെന്റില്‍ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമായപ്പോള്‍ മുത്തലാഖ് ഉള്‍പ്പടെ 43 ബില്ലുകളാണ് സഭയുടെ പരിഗണനയില്‍ ഉള്ളത്. കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖുമായി ബന്ധപ്പെട്ട ബില്‍ ലോക്സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ പാസാക്കിയിരുന്നില്ല.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ അവശ്യം. കോണ്‍ഗ്രസ് തിരികെ ഗെയിമിലേക്ക് എത്തുമ്പോള്‍ ഈ ബില്ലുകളുടെ ഭാവിയും ഇനി ബിജെപിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ല.
Discussion about this post