കൊൽക്കത്ത: കേന്ദ്ര മന്ത്രി അമിത് ഷാ ബംഗാളിലേക്ക് രണ്ടുദിവസത്തെ സന്ദർശനത്തിനായി എത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ എംഎൽഎയും പാർട്ടി വിട്ടു. ശിൽഭദ്ര ദത്തയാണ് ഇന്നു രാവിലെ പാർട്ടി വിട്ടത്. മുൻ മന്ത്രി ശുഭേന്ദു അധികാരിയും മറ്റൊരു എംഎൽഎ ജിതേന്ദ്ര തിവാരിയും വ്യാഴാഴ്ച രാജിവെച്ചിരുന്നു.
ഇതിനിടെ, വനംമന്ത്രി രാജീബ് ബാനർജി, സുനിൽ മണ്ഡൽ എംപി എന്നിവരും രാജിക്കുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ. രണ്ടുദിവസത്തെ സന്ദർശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ബംഗാളിലെത്തുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തൃണമൂലിൽ നിന്ന് കൊഴിഞ്ഞുപോക്കിന്റെ ഒഴുക്ക് തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ബംഗാൾ പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിൽ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോകളും റാലികളും സംഘടിപ്പിക്കുന്നുണ്ട്. ഈ യോഗങ്ങളിൽ വെച്ച് ഏതെല്ലാം തൃണമൂൽ നേതാക്കൾ ബിജെപി അംഗത്വം സ്വീകരിക്കുമെന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
ഇതിനിടെ, തൃണമൂലിലെ വൻ കൊഴിഞ്ഞുപോക്ക് കാരണം മുഖ്യമന്ത്രി മമത ബാനർജി പാർട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എംഎൽഎമാർ അടക്കമുള്ളവരോട് ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം എംഎൽഎ സ്ഥാനം ഒഴിഞ്ഞയുടൻ ശുഭേന്ദു ബർധമാനിലെ സുനിൽ മണ്ഡൽ എംപിയുടെ വീട്ടിലെത്തിയിരുന്നു. അവിടെ ഇരുവർക്കുമൊപ്പം ജിതേന്ദ്ര തിവാരിയുമെത്തി ചർച്ചനടത്തി. നേരത്തേ, മുഖ്യമന്ത്രി മമതാ ബാനർജി തിവാരിയെ വിളിച്ച് കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്നും വെള്ളിയാഴ്ച ചർച്ചനടത്താമെന്നും പറഞ്ഞിരുന്നു. എന്നാൽ, അനുനയനീക്കം ഫലിച്ചിട്ടില്ല.
Discussion about this post