ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് ഇനി പോക്കറ്റ് ചോരാതെ വിമാനയാത്രയ്ക്ക് തയ്യാറെടുക്കാം. വിമാനത്തിലും മുതിർന്ന പൗരൻമാർക്ക് നിരക്കിളവ് നൽകാൻ തീരുമാനം. മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന നിരക്കിൽ 50% ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്കീം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. 60 വയസ് പൂർത്തിയായവർക്കാണ് ഇളവ് ലഭിക്കുക. ടെർമിനൽ ഫീസ്, എയർപോർട്ട് യൂസർ ഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്നും വെബ്സൈറ്റിൽ പറയുന്നുണ്ട്.
അതേസമയം, ഈ ആനുകൂല്യം ആഭ്യന്തര സർവീസുകൾക്ക് മാത്രമാണ് ബാധകം. ഇക്കണോമി ക്ലാസിന് മാത്രമായിരിക്കും ഇളവെന്നും എയർ ഇന്ത്യ സൂചിപ്പിക്കുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ് സൈറ്റിൽ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നവർക്ക് മാത്രമേ ഓഫർ ലഭ്യമാവുകയുള്ളൂ. ചെക്ക് ഇൻ ചെയ്യുന്ന സമയത്തോ ബോർഡിംഗ് ഗേറ്റിലോ ബന്ധപ്പെട്ട ഐഡിയോ രേഖകളോ ഹാജരാക്കിയിട്ടില്ലെങ്കിൽ, ടിക്കറ്റിന്റെ പണം നഷ്ടപ്പെട്ടേക്കും. ടിക്കറ്റുകൾ തിരികെ ലഭിക്കുകയുമില്ല.
വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയൽ കാർഡ് ഇതിനായി കയ്യിൽ കരുതണം. വോട്ടേഴ്സ് ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എയർ ഇന്ത്യ നൽകിയിട്ടുള്ള സീനിയർ സിറ്റിസൺ ഐഡി കാർഡ് എന്നിവ ഇതിനായി പരഗണിക്കും. യാത്രാ തീയതിക്ക് മൂന്ന് ദിവസം മുമ്പ് ടിക്കറ്റുകൾ വാങ്ങണം, ഓഫർ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്.
Discussion about this post