ന്യൂഡൽഹി: രാജ്യത്ത് കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായ വൻതകർച്ചയ്ക്ക് പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 മുതിർന്ന നേതാക്കളുമായി പാർട്ടി അധ്യക്ഷ സോണിയഗാന്ധി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥാണ് കൂടിക്കാഴ്ചയ്ക്ക് വേദി ഒരുക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശനിയാഴ്ചയായിരിക്കും കൂടിക്കാഴ്ച. നേതാക്കളുമായി നടത്തുന്ന അനുരഞ്ജന നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച. ജ്യോതിരാദിത്യ സിന്ധ്യ ഒരുകൂട്ടം കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ബിജെപിയിലേക്ക് പോയതോടെ കമൽനാഥിന് മുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസിന് ഭരണവും നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കമൽനാഥ് അഭിപ്രായ വ്യത്യാസമുള്ള നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ ഏറ്റവും വിശ്വസ്തരായ നേതാക്കളിൽ ഒരാളാണ് കമൽനാഥ്.
പാർട്ടിക്ക് ഊർജസ്വലമായ ഒരു മുഴുവൻ സമയ നേതൃത്വം ആവശ്യമാണെന്നാണ് ഇടക്കാല അധ്യക്ഷയായ സോണിയഗാന്ധിക്ക് കത്തെഴുതി 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ, ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പ്രകടനം മോശമായതോടെ പാർട്ടിയിൽ വിമത സ്വരങ്ങൾ വീണ്ടും ഉയർന്നിരുന്നു. ആത്മപരിശോധന നടത്തുന്നതിനുള്ള സമയം അതിക്രമിച്ചിരുന്നുവെന്ന് തുറന്നടിച്ചുകൊണ്ട് മുതിർന്ന നേതാവ് കപിൽ സിബൽ എഴുതിയ കത്ത് പുറത്തുവിടുകയും ചെയ്തിരുന്നു.
പാർട്ടിയിൽ സമഗ്ര വിലയിരുത്തൽ ആവശ്യപ്പെട്ട മുൻ ധനമന്ത്രി പി ചിദംബരം പാർട്ടിയെ അടിത്തറ മുതൽ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത് മുതൽ ഇടക്കാല അധ്യക്ഷയായി തുടരുകയാണ് സോണിയ ഗാന്ധി.