ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അന്തരിച്ച അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. റാഫേല്‍ ഇടപാട് അടക്കമുളള ആരോപണങ്ങള്‍ക്ക് പിന്നാലെ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ രാജിയും പ്രതിപക്ഷം ഇക്കുറി ആയുധമാക്കും.
റാഫേല്‍ ഇടപാട്, ജെപിസി, കര്‍ഷക പ്രശ്നങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കം, ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി തുടങ്ങി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നീണ്ട പട്ടികയാണ് പ്രതിപക്ഷത്തിന്റെ പക്കലുളളത്.
എന്നാല്‍ പ്രതിപക്ഷ ആരോപണത്തെ എതിര്‍ക്കാന്‍ ബിജെപിക്ക് ഇക്കുറി ഉയര്‍ന്ന ആത്മവിശ്വാസം ഉണ്ട്. ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലേക്ക് എത്തിച്ചതും വിവാദ വ്യവസായി വിജയ് മല്യയ്ക്ക് എതിരായ ലണ്ടന്‍ കോടതി വിധിയും ഭരണപക്ഷം ഉയര്‍ത്തിക്കാട്ടും.
അതേസമയം, ഈ സമ്മേളന കാലത്ത് മുത്തലാഖ് അടക്കം 43 ബില്ലുകളാണ് പാര്‍ലമെന്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. ജനുവരി എട്ടുവരെ നീളുന്ന സമ്മേളനത്തില്‍ 20 ദിവസം ആകും സഭ സമ്മേളിക്കുക. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സഭയില്‍ വലിയ ചര്‍ച്ചയാകും.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് ഇന്ന് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങളിലെങ്കിലും ബിജെപിക്കും കോണ്‍ഗ്രസിനും ഭരണത്തിലെത്തിയേ പറ്റൂ. ഈ സാഹചര്യത്തില്‍ എന്തായിരിക്കും ഫലമെന്ന കാത്തിരിപ്പിലാണ് രാജ്യം.
Discussion about this post