ന്യൂഡല്‍ഹി : ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്സിനേഷന് ട്രെയിനിംഗ് നല്കുന്ന പദ്ധതിയ്ക്ക് ഡല്‍ഹി സര്‍ക്കാര്‍ തുടക്കമിട്ടു. വാക്സിനുകള്‍ വിപണിയിലെത്തിയിട്ടില്ലെങ്കിലും അതിന് കാലതാമസം ഇല്ലെന്നിരിക്കെ വാക്സിനേഷന് നല്കാന് ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി മൂന്ന് ഡോക്ടര്‍മാരെ വാക്സിനേഷന് ഓഫീസര്‍മാരായി മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് തെരഞ്ഞെടുത്തു. ഇവരാവും ട്രെയിനിംഗിന് നേതൃത്വം നല്‍കുക.
പ്രസന്റേഷനുകളും നിര്‍ദേശങ്ങളടങ്ങുന്ന വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ട്രെിയിനിംഗ് ആണ് ഉദ്ദേശിക്കുന്നത്. ജില്ലാ തലത്തില്‍ നടക്കുന്ന ട്രെയിനിംഗില്‍ 3500 ആരോഗ്യപ്രവര്‍ത്തകരാണ് പങ്കെടുക്കുക. വാക്സിനേഷനുകള്‍ക്കായി 609 കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍ ഡല്‍ഹിയിലുണ്ടാവും. ഓരോ പോയിന്റിലും മൂന്ന് മുറികളും ആറ് വാക്സിനേറ്റിംഗ് ഓഫീസര്മാരുമാണുണ്ടാവുക. പബ്ളിക് ഹെല്‍ത്ത് എക്സ്പെര്‍ട്ടും വാക്സിനേഷന് പ്രോഗ്രാം ഓഫീസറമായ ഡോ.സുനീല ഗാര്‍ഗ് പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍,മെഡിക്കല്‍ ഓഫീസര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്മ്യൂണിക്കേഷന്‍ മേഖലകളിലെ ഉദ്യോഗസ്ഥര്‍, മഹിളാ ആരോഗ്യ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് വാക്സിനേഷന് ട്രെയിനിംഗ് നല്‍കുന്നത്. വാക്സിന്റെ സുരക്ഷ, ഗുണങ്ങള്‍, മാനേജ്മെന്റ് എന്നിവയൊക്കെയും ട്രെയിനിംഗില്‍ ഉള്‍പ്പെടും. ഡല്‍ഹിയില്‍ ആദ്യഘട്ടത്തില്‍ 2.25 ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കാനാണ് തീരുമാനം.
Discussion about this post