ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡി മാത്രമാണെന്ന് വെളിപ്പെടുത്തല്‍. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്ഗിയയാണ് വിവാദത്തിന് വഴിവെച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്‍ഡോറില്‍ പൊതുപരിപാടിക്കിടെ നടത്തിയ പ്രസംഗത്തിനിടയിലാണ് വെളിപ്പെടുത്തല്‍. നിങ്ങള്‍ ആരോടും പറയരുതെന്ന് പറഞ്ഞുകൊണ്ടാണ് തുറന്നു പറച്ചില്‍ നടത്തിയത്.
@KailashOnline disclosure @narendramodi played important role in fall of @OfficeOfKNath government @INCIndia @ndtvindia @ndtv @vinodkapri @rohini_sgh #BJP #Congress pic.twitter.com/GvNhic9cv8
— Anurag Dwary (@Anurag_Dwary) December 16, 2020
‘ഇത് നിങ്ങള്‍ ആരോടും പറയരുത്. ഇത് ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഒരു സറ്റേജില്‍ പൊതുജന മധ്യത്തില്‍ ഞാനാദ്യമായാണ് ഇക്കാര്യം പറയുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താനായി ആരെങ്കിലും കളിച്ചിട്ടുണ്ടെങ്കില്‍ അത് നരേന്ദ്രമോദി മാത്രമാണ് അതല്ലാതെ ധര്‍മ്മേന്ദ്ര പ്രധാന്‍ അല്ല’, വിജയവര്‍ഗ്ഗിയ പറഞ്ഞു.
ബിജെപിയുടെ കേന്ദ്രനേതാക്കളാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കുന്നതിന് കരുക്കള്‍ നീക്കിയതെന്ന് ജൂണില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ 22 എംഎല്‍എമാരെയും കൂട്ടി ബിജെപി പാളയത്തിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെയും വെളിപ്പെടുത്തല്‍.