ലണ്ടന്‍: ബ്രിട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്ട്രേറ്റ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടെങ്കിലും മല്യയെ ഇന്ത്യയിലെത്തിക്കാന്‍ കാലതാമസം നേരിട്ടേക്കുമെന്നാണ് സൂചന.
വിവാദ മദ്യവ്യവസായി മല്യയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നതായും വിചാരണയ്ക്കായി ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ മനുഷ്യാവകാശ ലംഘനമില്ലെന്നുമാണ് കോടതി വിധിച്ചത്.
കോടതിയുടെ ഉത്തരവ് തുടര്‍ നടപടികള്‍ക്കായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സാജിദ് ജാവിദിന് കൈമാറിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി കൈമാറാന്‍ ഉത്തരവിട്ടാല്‍ 28 ദിവസത്തിനകം മല്യയെ ഇന്ത്യയ്ക്ക് ലഭിക്കും. എന്നാല്‍, മല്യയ്ക്ക് 14 ദിവസത്തിനകം ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുളള അവസരമുണ്ട്.
ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി ഉത്തരവിട്ടാലും മല്യയ്ക്ക് അത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാകും. ലണ്ടന്‍ ഹൈക്കോടതി മല്യയ്ക്ക് എതിരായി വിധി പുറപ്പെടുവിച്ചാലും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ടാകും. ഇത്തരത്തില്‍ നിയമ നടപടികള്‍ നീണ്ടുപോയല്‍ പ്രതിയെ ഇന്ത്യയില്‍ എത്തിക്കാന്‍ വൈകിയേക്കും.
താന്‍ തട്ടിപ്പുകാരനല്ലെന്നും വായ്പയെടുത്ത മുതല്‍ തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം വ്യാജമല്ലെന്നും ഇന്നലെ വിധി പ്രഖ്യാപനത്തിന് മുന്‍പ് കോടതിക്ക് പുറത്ത് മല്യ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ പ്രതികരണം വന്നതിന് പിന്നാലെ ബാങ്കുകള്‍ മല്യയുടെ ഈ വാഗ്ദാനത്തെ തള്ളിയിരുന്നു.
കിങ്ഫിഷര്‍ എയര്‍ലൈനിന് വേണ്ടി 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 6,963 കോടി രൂപയാണ് മല്യ വായ്പയെടുത്തത്. പലിശയടക്കം ഇപ്പോഴത് ഏകദേശം 9,400 കോടി രൂപയോളമായി ഉയര്‍ന്നു. 2019 ഏപ്രില്‍-മേയ് കാലയളവില്‍ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതിന് മുന്‍പ് മല്യയെ ഇന്ത്യയില്‍ എത്തിക്കാനുളള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
Discussion about this post