ന്യൂഡൽഹി: രാജ്യ സുരക്ഷയെ കുറിച്ച് നിർണായക ചർച്ച നടക്കേണ്ട പാർലമെന്റിൽ നടന്നത് സൈനികരുടെ യൂണിഫോമിനെ കുറിച്ചുള്ള നീണ്ട ചർച്ച. ഒടുവിൽ സഹികെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഇറങ്ങിപ്പോയി. പാർലമെന്റിന്റെ പ്രതിരോധ സ്ഥിരംസമിതിയാണ് യോഗം ചേർന്ന് സായുധ സേനയുടെ യൂണിഫോമിനെക്കുറിച്ച് ദീർഘചർച്ച നടത്തി സമയം കളഞ്ഞത്.
ദേശസുരക്ഷ സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ ചർച്ചയ്ക്ക് വെയ്ക്കേണ്ട സമിതിയിൽ നടന്ന സുദീർഘചർച്ച യൂണിഫോമിനെ കുറിച്ചായത് അനാവശ്യമാണെന്നും ആവശ്യമില്ലാത്ത ചർച്ചകൾ നടത്തി സമയം പാഴാക്കുകയാണെന്നും ചൂണ്ടികാട്ടിയാണ് രാഹുലും മറ്റു കോൺഗ്രസ് നേതാക്കളും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.
സൈന്യത്തിന്റെ യൂണിഫോമിനെകുറിച്ച് തീരുമാനമെടുക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായം ആവശ്യമില്ലെന്നും അത് സൈന്യത്തിന് തന്നെ ചെയ്യാനാകുമെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു.
വ്യത്യസ്ത റാങ്കിലുള്ളവരെ തിരിച്ചറിയുന്ന തരത്തിൽ സൈന്യത്തിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ബിജെപിയുടെ രാജ്യസഭ എംപിയാണ് ആവശ്യമുന്നയിച്ചത്. ചൈനയുടെ കടന്നു കയറ്റം, ലഡാക്കിലെ സൈനികൾക്ക് മെച്ചപ്പെട്ട സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകിയതുമില്ല. ഇതോടെ രാഹുലും സമിതിയിലെ കോൺഗ്രസ് അംഗങ്ങളായ രാജീവ് സതവ്, രേവന്ത് റെഡി എന്നിവരും ഇറങ്ങിപ്പോവുകയായിരുന്നു.
സൈനിക സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് യൂണിഫോം മുഖ്യവിഷയമായത്. ഇതോടെ ദേശ സുരക്ഷയാണ് രാഷ്ട്രീയ നേതൃത്വം ചർച്ച ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഇടപെടുകയായിരുന്നു. എന്നാൽ ഇടപെടലിന് സഭാസമിതി അധ്യക്ഷനായ ബിജെപി എംപി ജുവൽ ഓറം സമ്മതിച്ചില്ല.
Discussion about this post