ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഉപരോധിച്ച് ആഴ്ചകളായി തുടരുന്ന കർഷകസമരം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പോലും ബാധിക്കുന്നു. സമരം മൂലം പ്രതിദിനം 3500 കോടി രൂപയുടെ നഷ്ടം കാർഷിക മേഖലയിൽ ഉണ്ടായെന്ന് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഓഫ് ഇന്ത്യയുടെ(ആസോകാം) റിപ്പോർട്ട് പറയുന്നു.
സർക്കാരും, കർഷകരും തമ്മിലുള്ള പ്രശ്‌നങ്ങൾ ഉടനടി പരിഹരിച്ചില്ലെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക മേഖല തകർന്നടിയുമെന്നാണ് ആസോകാം ചുണ്ടിക്കാട്ടുന്നത്. നിലവിൽ ഒരു ദിവസം 3000 മുതൽ 3500 കോടി രൂപയുടെ നഷ്ടം സാമ്പത്തിക മേഖലയ്ക്കുണ്ടാവുന്നുവെന്നാണ് വിലയിരുത്തൽ.
”ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികരംഗം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ തന്നെ ഇവിടങ്ങളിലെ കർഷകർ സമരത്തിലാണെന്നത് സാമ്പത്തിക മേഖലയെ പിന്നോട്ടടിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി 18 കോടിയോളം രൂപ വരും. കർഷകസമരം സംസ്ഥാനങ്ങളിലെ വ്യവസായ മേഖലയ്ക്കും തിരിച്ചടിയാവുകയാണ്. ജൗളിക്കടകൾ, വാഹനങ്ങളുടെ സ്‌പെയർ പാർട്‌സ് കടകൾ, സൈക്കിൾ, കായിക ഉപകരണങ്ങൾ തുടങ്ങി കയറ്റുമതി വിപണി പൂർണ്ണമായും തകർച്ചയിലാണ്. ക്രിസ്തുമസ് വിപണിയിൽ കാര്യമായ നേട്ടങ്ങൾ വ്യവസായ രംഗത്തിന് കഴിയുന്നില്ല.”- ആസോകാം പ്രസിഡന്റ് നിരജ്ഞനൻ ഹീരാ നദൻ അറിയിച്ചു.
കർഷക സമരംമൂലം ഉണ്ടാകുന്ന ബ്ലോക്കുകൾ മറികടന്ന് സാധനങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കാൻ 50 ശതമാനം അധികം സമയം എടുക്കുന്നു. എഴ് മുതൽ എട്ട് വരെ കൂടുതൽ സഞ്ചരിക്കേണ്ടി വരുന്നു.
അതേസമയം, വ്യവസായ പ്രമുഖർ എതിർശബ്ദമുയർത്തിയിട്ടും കർഷകസമരം സാമ്പത്തിക മേഖലയെ ബാധിക്കില്ല എന്ന നിലപാടിലാണ് സർക്കാർ.
Discussion about this post