തെലങ്കാനയില്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി; ടിആര്‍എസിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്, 20 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയെന്ന് ആരോപണം!

ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയടക്കമുള്ളവര്‍ ഇതുസംബന്ധിച്ച പരാതിയുമായി രംഗത്തുവന്നിരുന്നു.

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. തെലങ്കാനയില്‍ പോളിങ് നടന്ന ദിവസം നിരവധി പേരുടെ പേരുകള്‍ വോട്ടിങ് ലിസ്റ്റില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.

ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയടക്കമുള്ളവര്‍ ഇതുസംബന്ധിച്ച പരാതിയുമായി രംഗത്തുവന്നിരുന്നു. എട്ടുശതമാനം അതായത് 20 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വോട്ടര്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യപ്പെട്ടുവെന്ന കാര്യം തെരഞ്ഞെടുപ്പു കമ്മീഷനും സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടര്‍മാരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നേതൃത്വം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

എന്നാല്‍ എത്ര വോട്ടര്‍മാരുടെ പേരുകള്‍ പോയി എന്ന കാര്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തെലങ്കാന തെരഞ്ഞെടുപ്പു ഫലത്തെ ഇത് വലിയ തോതില്‍ ബാധിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. തെലങ്കാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ടിആര്‍എസ് 64 സീറ്റുകളുമായി അധികാരം ഉറപ്പിച്ചിരിക്കുകയാണ്.

Exit mobile version