ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് ബിജെപി മാത്രമല്ല, ഉയര്‍ത്തിക്കാണിച്ച മോഡി പ്രഭാവവും കൂടിയാണ്. പെട്രോള്‍ വില വര്‍ധന, നോട്ട് നിരോധനം, കര്‍ഷകര്‍ക്ക് എതിരായ നിലപാടുകള്‍, തുടങ്ങി ഒട്ടേറെ ജനകീയ പ്രശ്നങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ രാമക്ഷേത്ര നിര്‍മ്മാണം മുന്‍നിര്‍ത്തി വോട്ട് പിടിക്കാനിറങ്ങിയ ബിജെപിക്ക് അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുകയായിരുന്നു. വികസനം ഉയര്‍ത്തി കാണിക്കാതെ രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞ് ഇനിയും ജനത്തെ വശത്താക്കാന്‍ കഴിയില്ലെന്നാണ് ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി വ്യക്തമാക്കുന്നു.
മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നേരത്തെ പറഞ്ഞത്. മൂന്നിടത്തെയും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔന്നത്യം ഉയര്‍ത്തുമെന്നും 2019ല്‍ മോഡി അതിശക്തനാകുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. ആ അമിത ആത്മവിശ്വാസത്തിനേറ്റ ആദ്യപ്രഹരമാണ് ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും വിധി. വിജയിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സ് മധ്യപ്രദേശിലും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ചത്തീസ്ഗഡിലെ വിധിയും രാജസ്ഥാന് ഫലവും കോണ്‍ഗ്രസ്സിനൊപ്പം എന്ന് ഉറപ്പായ സ്ഥിതിക്ക് ഈ തോല്‍വികളുടെ ഭാരവും മോഡിയുടെ തോളിലാണ് വന്നുചേരുന്നത്.
ഹിന്ദുത്വയും രാമക്ഷേത്രവും തുറുപ്പു ചീട്ടാക്കി ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ മതേതര മനസ്സുകള്‍ മറ്റൊരിടത്ത് സംഘടിക്കുന്നത് മനസിലാക്കുന്നതില്‍ അവര്‍ പിന്നോട്ടു പോയി. കോണ്‍ഗ്രസ്സ് മൃദു ഹിന്ദുത്വ സമീപനം കൂടി പരസ്യമായി വ്യക്തമാക്കിയ നിലയില്‍ നോട്ട് നിരോധനാനന്തര ഇന്ത്യയില്‍ മോഡിയുടെയും അമിത് ഷായുടെയും പാതകള്‍ എളുപ്പമാവില്ല.
Discussion about this post