മുബൈ: പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നതുകൊണ്ടാണ് കര്‍ഷകര്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്നതെന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനക്കെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നുമാണ് സഞ്ജയ റാവത്ത് പറഞ്ഞത്. കേന്ദ്ര നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ സഞ്ജയ് റാവത്ത് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വോട്ട് ചെയ്ത കര്‍ഷകര്‍ക്ക് തെറ്റുപറ്റിയിരുന്നോ എന്നും ചോദിച്ചു.
‘തെരഞ്ഞെടുപ്പ് സമയത്ത് കര്‍ഷകര്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്തപ്പോള്‍ അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരുന്നോ? പിന്നെങ്ങനെയാണ് അവര്‍ നിങ്ങള്‍ക്കെതിരെ സമരം ചെയ്യുമ്പോള്‍ മാത്രം തെറ്റിദ്ധരിക്കപ്പെടുന്നത്? നിങ്ങള്‍ക്ക് വോട്ടു ചെയ്യുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടാത്തവര്‍ എങ്ങനെയാണ് നിങ്ങളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നുവെന്ന് മുദ്ര കുത്തുന്നത്’ എന്നാണ് സഞ്ജയ് റാവത്ത് ചോദിച്ചത്.
പ്രതിഷേധത്തിന്റെ മറവില്‍ കലാപം സൃഷ്ടിക്കാന്‍ കമ്യൂണിസ്റ്റ് ഭീകരര്‍ ശ്രമിക്കുന്നുണ്ടെന്നും ദേശവിരുദ്ധ സംഘടന പ്രവര്‍ത്തകരെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളില്‍ കണ്ടതായും കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ചില ചാരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം നിതിന്‍ ഗഡ്കരി പറഞ്ഞത്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം 21ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് കര്‍ഷകര്‍ ഡല്‍ഹി – നോയിഡ അതിര്‍ത്തിയായ ചില്ല പൂര്‍ണമായി ഉപരോധിക്കും. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ശംഭു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം കര്‍ഷക സമരത്തിന്റെ ഭാഗമാകാന്‍ രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ള കര്‍ഷക സംഘങ്ങള്‍ എത്തുന്നത് തുടരുകയാണ്.