ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് സ്നേഹം പുകൾപ്പെറ്റതാണെങ്കിലും കോവിഡ് പ്രതിസന്ധി കാലത്തെ സർക്കാർ നടപടികൾ സകലരേയും ഞെട്ടിക്കുന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മഹാമാരി തകർത്തതോടെ രാജ്യത്തെ ജനങ്ങൾ ഓരോരുത്തരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ സാധാരണക്കാരെ പാടെ തഴഞ്ഞ് കോർപ്പറേറ്റുകളുടെ നഷ്ടം കുറയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് മോഡി സർക്കാർ.
ജനങ്ങളെ പിഴിഞ്ഞെടുത്തും കോർപ്പറേറ്റുകളെ ഊട്ടുന്ന നയമാണ് കേന്ദ്ര ധനകാര്യമന്ത്രിയുടേയും കൈവശമുള്ളത്. ദിനംപ്രതി ജനങ്ങൾക്ക് ഇരുട്ടടി സമ്മാനിക്കുകയാണ് ഈ സർക്കാർ. ഈ മാസം മാത്രം രണ്ട് തവണയായി 100 രൂപയാണ് പാചകവാതക സിലിണ്ടറിന് വർധിപ്പിച്ചത്. ഇന്ധനവിലയാകട്ടെ നിശബ്ദമായി ദിവസവും കൂട്ടുന്നുമുണ്ട്.
സാധാരണക്കാരായ ജനങ്ങൾക്ക് കോവിഡും സർക്കാരും ദുരന്തം സമ്മാനിക്കുമ്പോൾ കോർപ്പറേറ്റുകൾക്കാകട്ടെ നേട്ടമാണ് സമ്മാനിക്കുന്നത്. കോർപ്പറേറ്റുകൾക്ക് 2019ൽ നൽകിയ നികുതി ഇളവ് പിൻവലിക്കാൻ ഇനിയും കേന്ദ്രം തയാറായിട്ടില്ല. 2019ലാണ് കോർപ്പറേറ്റ് നികുതി കുറച്ച് കൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപനം നടത്തിയത്.
കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറയ്ക്കുകയും പുതിയ കമ്പനികളുടെ നികുതി 25 ശതമാനത്തിൽ നിന്നും 15 ശതമാനമായി കുറയ്ക്കുകയും ചെയ്തു. സെസും സർചാർജും ചേരുമ്പോൾ നികുതി 25.17 ശതമാനമാവും.
ഈ കോർപ്പറേറ്റ് നികുതി കുറയ്ക്കൽ നടപടിയിലൂടെ 1.45 ലക്ഷം കോടിയുടെ വരുമാന നഷ്ടമാണ് കേന്ദ്രസർക്കാരിനുണ്ടാകുമെന്ന് കണക്കാക്കിയിരുന്നത്. ഇന്ത്യയിൽ കോവിഡിനെ തുടർന്ന് വലിയ രീതിയിൽ സർക്കാറിന് നികുതി നഷ്ടം ഉണ്ടാവുമ്പോഴും കോർപ്പറേറ്റ് നികുതിയിൽ മാറ്റം വരുത്താൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല.
രാജ്യത്തെ എണ്ണവില ഉയർന്ന് നിൽക്കുന്നതിനുള്ള മുഖ്യകാരണവും തൊട്ടാൽപൊള്ളുന്ന നികുതി ചുമത്തലുകളാണ്. സാധാരണക്കാരെ ബാധിക്കുന്ന ഇന്ധനികുതി കുറക്കണമെന്നും കോർപ്പറേറ്റ് നികുതി പഴയപടി ആക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെ ഇക്കാര്യം മുഖവിലയ്ക്ക് എടുത്തിട്ടില്ല.
Discussion about this post