ന്യൂഡൽഹി: നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പങ്കെടുത്ത 36 വിദേശികൾക്ക് ആശ്വാസമായി കോടതി വിധി. ഇവരെ എല്ലാ കേസുകളിൽനിന്നും കുറ്റവിമുക്തരാക്കി ഡൽഹിയിലെ കോടതി ഉത്തരവിട്ടു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതുൾപ്പടെ നിരവധി കേസുകളാണ് 36 വിദേശികൾക്ക് എതിരെ ചുമത്തിയിരുന്നത്. നിർദേശങ്ങൾ ലംഘിച്ച് സമ്മേളനത്തിൽ പങ്കെടുത്തതും വിസാ നിയമലംഘനം നടത്തിയതും അടക്കമുള്ള കുറ്റങ്ങളാണ് 14 രാജ്യങ്ങളിൽനിന്ന് എത്തിയ വിദേശികൾക്കെതിരെ ചുമത്തിയിരുന്നത്.
നിസാമുദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ വിദേശികൾ പങ്കെടുത്തത് വിസാ നിയമങ്ങൾ ലംഘിച്ചാണെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് അവർ മതപ്രചാരണം നടത്തിയെന്നുമായിരുന്നു കുറ്റപത്രത്തിലെ ആരോപണം.
ഒടുവിൽ എട്ട് മാസത്തോളം കാലയളവിന് ശേഷം ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേട്ട് അരുൺ കുമാർ ഗാർഗ് വിദേശികളെ കുറ്റവിമുക്തരാക്കുകയായിരുന്നു. എപ്പിഡമിക് ആക്ട്, 2005 ലെ ദുരന്ത നിവാരണ നിയമം, വിസ നിയമലംഘനം എന്നിവയ്ക്ക് പുറമെ സർക്കാർ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്നു, ജീവന് ഭീഷണിയാകാവുന്ന പകർച്ചവ്യാധി പടർന്നു പിടിക്കാൻ ഇടയാകുംവിധം അശ്രദ്ധയോടെ പെരുമാറി, നിയന്ത്രണങ്ങൾ പാലിക്കാതിരുന്നു, ക്വാറന്റീൽ നിയമങ്ങൾ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ടായിരുന്നു. തെളിവുകളുടെ അഭാവമാണ് ആറ് രാജ്യങ്ങളിൽനിന്ന് എത്തിയ എട്ടുപേർക്ക് തുണയായത്.
Discussion about this post