ബംഗളൂരു: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ അടിച്ചുതകര്‍ത്ത കോലാറിലെ വിസ്ട്രോണ്‍ കമ്പനിക്ക് 437 കോടിരൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍. കമ്പനിയില്‍ നിന്ന് നൂറിലേറെ ഐഫോണുകളും മോഷ്ടിക്കപ്പെട്ടു എന്നാണ് കമ്പനി നല്കിയ പരാതിയില്‍ പറയുന്നത്. കോടിക്കണക്കിനു രൂപ വിലവരുന്ന ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായെന്നാണ് കമ്പനി തൊഴില്‍വകുപ്പിനും പോലീസിനും നല്കിയ പരാതിയില്‍ പറയുന്നത്.
അതേസമയം സംഘര്‍ഷത്തെത്തുടര്‍ന്ന് പിടിയിലായവരുടെ എണ്ണം 152 ആയി ഉയര്‍ന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് നരസിപുര പോലീസ് അറിയിച്ചത്. അതേസമയം തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ശമ്പളക്കുടിശ്ശിക മൂന്നുദിവസത്തിനുള്ളില്‍ വിതരണംചെയ്യാന്‍ കമ്പനിയോട് നിര്‍ദേശിച്ചതായി വ്യവസായമന്ത്രി ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു
നാല് മാസം ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ തായ്വാന് ആസ്ഥാനമായ വിസ്ട്രോണ്‍ കോര്‍പ്പറേഷന്റെ ബംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറി അടിച്ചുതകര്‍ത്തത്. അതേസമയം അക്രമികള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് നരസിപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വിസ്ട്രോണില്‍ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നും അനധികൃതമായി കൂടുതല്‍സമയം ജോലിചെയ്യേണ്ടിവരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധം പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെയാണ് നിയന്ത്രണവിധേയമായത്. അക്രമങ്ങളെത്തുടര്ന്ന് കമ്പനിയില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
അതേസമയം ഐഫോണ്‍ നിര്‍മാണക്കമ്പനി തൊഴിലാളികള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ആപ്പിളും അന്വേഷണം നടത്തുമെന്നാണ് സൂചന. ഐഫോണുകള്‍ നിര്‍മിക്കാന്‍ ആപ്പിള്‍ കരാര്‍ നല്കിയ കമ്പനിയാണ് വിസ്ട്രോണ്‍. ഇത്തരം കമ്പനികളെ നിയോഗിക്കുമ്പോള്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നത് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ആപ്പിള്‍ മുന്നോട്ടുവെക്കാറുണ്ട്. വിസ്ട്രോണില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും നിബന്ധനാ ലംഘനമുണ്ടായോയെന്ന് പരിശോധിക്കും. ഇന്ത്യയില്‍ ഐഫോണ്‍ സെവന്, രണ്ടാംതലമുറ ഐഫോണ്‍ എസ്ഇ തുടങ്ങിയവ നിര്‍മ്മിക്കുന്നത് വിസ്ട്രോണ്‍ പ്ലാന്റിലാണ്.
Discussion about this post