ചെന്നൈ: തമിഴ്നാട്ടിലെ വിഴുപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെമരിച്ചനിലയിൽ കണ്ടെത്തി. വി പുതുപാളയം ഗ്രാമത്തിൽ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ മൂന്നുമക്കളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എട്ട്, ഏഴ് വയസ്സുള്ള പെൺകുട്ടികളും അഞ്ച് വയസ്സുകാരനായ മകനുമൊപ്പം ദമ്പതിമാരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ചയാണ് സംഭവം. അയൽക്കാരനാണ് അഞ്ച് പേരെയും തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. ഇയാൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാർ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗൃഹനാഥന് വൻ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി വിവരമുണ്ട്. ഇതാണ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ദമ്പതിമാരെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വിഴുപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post