ബറേലി: കല്യാണ ആഘോഷങ്ങള്‍ക്ക് വലിയ മാറ്റങ്ങളാണ് പുതിയ കാലത്ത് വന്നിട്ടുള്ളത്. വ്യത്യസ്തമായും അടിച്ച് പൊളിച്ചുമാണ് പലരും കല്ല്യാണം ആഘോഷിക്കുന്നത്. അതില്‍ ചിലത് അതിര് വിടുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ കല്യാണ ആഘോഷം അതിര് വിട്ടതിനെ തുടര്‍ന്ന് കല്യാണത്തില്‍ നിന്ന് വധു പിന്മാറിയ വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഇപ്പോള്‍ വരുന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. വിവാഹ വേദിയില്‍ വച്ചുള്ള വരന്റെ സുഹൃത്തുക്കളുടെ തമാശ അതിരു കടന്നുവെന്ന് ആരോപിച്ചാണ് വിവാഹത്തില്‍ നിന്ന് വധു പിന്മാറിയത്.
വിവാഹ വേദിയില്‍ വെച്ച് വരന്റെ സുഹൃത്തുകള്‍ വധുവിനെ ഡാന്‍സ് കളിക്കാനായി ഡാന്‍സ് വേദിയിലേക്ക് തള്ളി വിട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വരന്റെ സുഹൃത്തുകളുടെ നടപടി ഇഷ്ടപ്പെടാതിരുന്ന വധു കല്ല്യാണത്തില്‍ നിന്നും പിന്മാറുകയായിരുന്നു. തന്റെ മകളെ ബഹുമാനിക്കാത്തവരുടെ ഇടയിലേക്ക് അവളെ വിവാഹം കഴിച്ചയക്കില്ല എന്ന് വധുവിന്റെ പിതാവും പറഞ്ഞതോടെ വിവാഹം ഒഴിവായി.
വിവാഹം നടക്കില്ലെന്ന് അറിയിച്ചതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ വിവാഹ വേദിയില്‍ വെച്ച് വാക്കേറ്റവും നടന്നു. വരന്റെ വീട്ടുകാരുടെ ആറ് ലക്ഷം രൂപയും നഷ്ടമായി. ഡൗറി വകുപ്പ് പ്രകാരം പോലീസില്‍ കേസ് കൊടുക്കുമെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞതോടെ 6.5 ലക്ഷം രൂപ നല്കി സംഭവം ഒത്തുതീര്‍പ്പാക്കേണ്ടിയും വന്നു.
Discussion about this post