ചെന്നൈ: മദ്രാസ് ഐഐടിയില്‍ 71 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 71 പേരില്‍ 66 പേരും വിദ്യാര്‍ത്ഥികളാണ്. ഇതോടെ മദ്രാസ് ഐഐടി കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മാറി. വൈറസ് പടര്‍ന്ന് പിടിച്ച പശ്ചാത്തലത്തില്‍ ഒരു മെസ് മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന അധികൃതരുടെ തീരുമാനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ച് രംഗത്തെത്തി.
774 വിദ്യാര്‍ത്ഥികളാണ് ക്യാംപസിലുളളത്. കൊവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും കൃഷ്ണ-യമുന ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍കളാണ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. പനി. ചുമ, തൊണ്ടവേദന, രുചി, മണം എന്നിവ അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉളളവരോട് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും പ്രത്യേകം നിര്‍ദേശം നല്‍കി.
ബിരുദാനന്തര വിദ്യാര്‍ത്ഥികളോടും ഗവേഷണ വിദ്യാര്‍ത്ഥികളോടും മറ്റുള്ളവരോടും റൂമില്‍ തന്നെ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണം റൂമിലെത്തിക്കുന്നതിനുളള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഞായറാഴ്ച മാത്രം 32 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ചവരെ നില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post