ജീവനൊടുക്കുന്നതിന് മുമ്പ് ചിത്ര ഫോണിൽ വാഗ്വാദത്തിൽ ഏർപ്പെട്ടു; അമ്മയും പ്രതിശ്രുത വരനും സമ്മർദ്ദം ചെലുത്തി; സെറ്റിൽ ഹേംനാഥ് മദ്യപിച്ച് ബഹളം വെച്ചിരുന്നെന്നും പോലീസ്

VJ Chitra | India news

ചെന്നൈ: ജനപ്രിയ സീരിയൽ താരം വിജെ ചിത്രയുടെ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. ചിത്ര ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഫോണിൽ വാഗ്വാദത്തിൽ ഏർപ്പെട്ടതായി പോലീസ് അറിയിച്ചു. എന്നാൽ ആരുമായാണു ചിത്ര സംസാരിച്ചതെന്നു പുറത്തുവിട്ടിട്ടില്ല. ചിത്രയുടെ പ്രതിശ്രുത വരൻ ഹേംനാഥിനെ തുടർച്ചയായ ദിവസങ്ങളിലായി പോലീസ് ചോദ്യം ചെയ്തു വരികയാണ്.

അമ്മ വിജയയുടെയും പ്രതിശ്രുത വരൻ ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മർദത്തിനു കാരണമായി. സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കിയെന്നാണു പോലീസിന്റെ നിഗമനം.

നടിയുടെ മരണത്തെക്കുറിച്ചുള്ള ആർഡിഒ അന്വേഷണം ഇന്നു പുനരാരംഭിക്കും. അമ്മ വിജയയും ഹേംനാഥും ചിത്രയ്ക്ക് കടുത്ത മാനസിക സമ്മർദ്ദം ഏൽപ്പിച്ചിരുന്നെന്നും ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നും നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. നസ്രത്ത്‌പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Exit mobile version