കൊച്ചി: ഓര്‍ത്തഡോക്സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിര്‍ബന്ധിത കുമ്പസാരം ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് സഭാവിശ്വാസികളാണ് ഹര്‍ജി നല്‍കിയത്.
വൈദികന് മുന്നില്‍ പാപങ്ങള്‍ ഏറ്റുപറയാന്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം ആണ്. കുമ്പസാരം മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗിക്കുന്നു.സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. എറണാകുളം സ്വദേശികളായ രണ്ട് സഭവിശ്വാസികളാണ് ഹര്‍ജി നല്‍കിയത്.
നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
Discussion about this post