ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഉപരോധിച്ച് കർഷകർ നടത്തുന്ന സമരത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ. കർഷകരുടെ പ്രതിഷേധത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന തുക്‌ഡേ തുക്‌ഡേ സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കാർഷിക നിയമങ്ങളെ അനുകൂലിച്ച് ബിഹാർ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കിസാൻ ചൗപൽ സമ്മേളൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പാട്‌നയിലാണ് കിസാൻ ചൗപൽ സമ്മേളൻ ആരംഭിച്ചത്. ‘കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർ പറയുന്നത് നിയമങ്ങൾ പിൻവലിക്കാതെ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ്. നരേന്ദ്ര മോഡി സർക്കാർ കർഷകരെ ബഹുമാനിക്കുന്നു എന്നു പറയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷെ കർഷകരുടെ പ്രതിഷേധത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന തുക്‌ഡേ തുക്‌ഡേ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു’- രവിശങ്കർ പ്രസാദ് പറഞ്ഞു.
ചില ആളുകൾ തങ്ങളുടെ താൽപര്യങ്ങൾക്കായി കർഷകരുടെ പ്രതിഷേധത്തിൽ അഭയം കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ അവരുടെ ഉദ്ദേശ്യം വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ വിഭജിക്കുന്ന ഭാഷയിൽ സംസാരിക്കാൻ ഇവരൊക്കെ ആരാണെന്നാണ് എന്റെ ചോദ്യം. ഡൽഹിയിലും മഹാരാഷ്ട്രയിലും കലാപത്തിന് പ്രേരണ നൽകിയതിന് ജയിലിൽ കഴിയുന്ന, ബുദ്ധിജീവികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിലരെ വിട്ടയക്കണമെന്ന ആവശ്യവും ഇപ്പോൾ ഉയർന്നു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.